ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ച അതേ സ്ഥലത്ത് മകള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഗാസിയാബാദ്: പിതാവ് മരിച്ച അതേ സ്ഥലത്ത് മകളും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 22 കാരിയായ മേഘ വര്‍മയാണ് പിതാവ് അശോക് ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് ട്രെയിന് മുന്നില്‍ ചാടി മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സുഹൃത്തിനെ കാണാനുണ്ടെന്നു പറഞ്ഞ് ഇറങ്ങിയ മേഘ ഗാസിയാബാദ് റെയില്‍വേസ്റ്റേഷന് സമീപമെത്തി ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിയാണ് മേഘ. അച്ഛന്‍ മരിച്ചതിന് ശേഷം മേഘ ദു:ഖിതയായിരുന്നുവെന്ന് യുവതിയുടെ കസിന്‍ രാഹുല്‍ തിയാഗി പറഞ്ഞു. മേഘയുടെ പിതാവിനൊപ്പം മെയ് അഞ്ചിന് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അവര്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മരിച്ച ശേഷം മേഘയുടെ മൃതദേഹം അരമണിക്കൂറോളം ആരും തിരിഞ്ഞു നോക്കാതെ ട്രാക്കില്‍ കിടന്നു. വളരെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും രാഹുല്‍ പറഞ്ഞു.

അശോകിന്റെ മരണം മേഘയെ കൂടാതെ മറ്റ് കുടുബാംഗങ്ങളേയും വേദനിപ്പിച്ചുന്നു. ഇതിന്റെ മനപ്രയാസത്തില്‍ അശോകിന്റെ സഹോദരന്മാരില്‍ ചിലരും അതേ സ്ഥലത്ത് തന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മേഘയ്ക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്.

മേഘയുടെ പിതാവിന് കോരല്‍ ഭാഗില്‍ ചെരുപ്പിന്റെ ബിസിനസായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നപ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോള്‍ മേഘയും അതേ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രാദേശിക കൗണ്‍സിലര്‍ അജയ് ശര്‍മ്മ പറഞ്ഞു. ഭാവിയില്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷന് സമീപം വേണ്ട കരുതലുകള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top