പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു; ഭീകരരെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും യുഎസ് രഹസ്യാന്വേഷണ മേധാവി

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍ : പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി അമേരിക്ക.  യുഎസ് സെനറ്റിലെ  ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിയില്‍ സംസാരിക്കവെ, യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയേല്‍ കോട്സ് അറിയിച്ചതാണ് ഇക്കാര്യം. ലോകം നേരിടുന്ന ഭീഷണികള്‍ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ഡാനിയേല്‍ കോട്സ് ഇക്കാര്യം അറിയിച്ചത്.


ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം തുടര്‍ച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വന്‍ ഭീഷണിയാണ്. ഭീകരതയ്ക്കെതിരെ ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പാക് ഭീകരര്‍ പത്താന്‍കോട്ട് സൈനികതാവളത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ അന്വേഷണം വഴിമുട്ടിയതും ഇന്ത്യ-പാക് ബന്ധം വഷളാക്കി.

ഭീകരസംഘടനകളെ നിയന്ത്രിക്കാന്‍ പാകിസ്താന് കഴിയാത്തത് മേഖലയിലെ അമേരിക്കയുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയേല്‍ കോട്സ് പറഞ്ഞു. അടുത്തകാലത്തുണ്ടായ അതിര്‍ത്തി കടന്നുള്ള ആക്രമണത്തോടെ, ഇന്ത്യ പാക് ബന്ധങ്ങള്‍ സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലാണെന്നും, മുതിര്‍ന്ന ഇന്റലിജന്‍സ് അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡാനിയേല്‍ കോട്സ് സൂചിപ്പിച്ചു.


അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുന്നതിനെ പാകിസ്താന്‍ ആശഹ്കയോടെയാണ് കാണുന്നത്. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ സമ്മതി വര്‍ധിക്കുന്നതും,  അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും പാകിസ്താനെ അലോസരപ്പെടുത്തുന്നു. ഒറ്റപ്പെടലില്‍ നിന്ന് രക്ഷ തേടുന്നതിനായി പാകിസ്താന്‍ ചൈനയുമായി അടുക്കുമെന്നും, അത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം ശക്തമാക്കുമെന്നും ഡാനിയേല്‍ കോട്സ് പറഞ്ഞു.

ഭീകരസംഘടനകളുടെ ആക്രമണം അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സുരക്ഷയെയും ഏറെ വഷളാക്കി. 2018 ല്‍, ഇപ്പോഴത്തേതിനേക്കാളും മോശം അവസ്ഥയായിരുക്കുമെന്നും യുഎസ് ഇന്റലിജന്‍സ് വിലയിരുത്തുന്നു.

DONT MISS
Top