മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ്കളക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി

ഫയല്‍ ചിത്രം

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തി ചോലയില്‍ കൈയ്യേറ്റം ഒഴിപ്പിക്കലിന് മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ച സംഭവത്തില്‍ സബ്കളക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി. 144 പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൊലീസുമായും സര്‍ക്കാരുമായും കൂടിയാലോചന നടത്താറുണ്ടെന്നും എന്നാല്‍ മൂന്നാറില്‍ അത് ലംഘിക്കപ്പെട്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നേടേണ്ടതില്ല. പക്ഷെ സാധാരണ ഗതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 144 പ്രഖ്യാപിക്കുന്നതിന് മുമ്പ് പൊലീസുമായും സര്‍ക്കാരുമായും കൂടി ആലോചിക്കാറുണ്ട്. പൊലീസ് ആണ് 144 നടപ്പിലാക്കേണ്ടത്. അതൊരു കീഴ്‌വഴക്കമാണ്. ആ കീഴ്‌വഴക്കം മൂന്നാറില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച സബ്കളക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് നിരോധനാജ്ഞ പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുള്ള നിയമനടപടികളെ കുറിച്ചുള്ള ചോദ്യത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലാ കളക്ടറും സബ്കളക്ടറും പൊതുഭരണത്തിന്റെ ഭാഗമാണെന്നും വകുപ്പുകള്‍ തമ്മില്‍ വ്യത്യാസം വരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

DONT MISS
Top