രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ ബിജെപിയ്ക്ക്; സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്കാരനായിരിക്കുമെന്ന് ബിജെപി നേതൃത്വം

നരേന്ദ്രമോദിയും ജഗന്‍മോഹന്‍ റെഡ്ഡിയും

ദില്ലി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ ബിജെപിയ്ക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചതാണ് ഇക്കാര്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.

ബിജെപിയുമായി തങ്ങള്‍ക്ക് വലിയ സമാനതകളാണുള്ളത്. ലാന്‍ഡ് അക്വിസിഷന്‍ ബില്‍, ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്നീ വിഷയങ്ങളില്‍ മാത്രമാണ് അഭിപ്രായഭിന്നതയുള്ളത്. മറ്റ് ജനോപകാരപ്രദമായ വിഷയങ്ങളില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസിനും, ബിജെപിയ്ക്കും ഒരേ  അഭിപ്രായമാണ് ഉള്ളതെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ പിന്തുണ ഇപ്പോള്‍ എന്‍ഡിഎയ്ക്കുണ്ട്. അതിനാല്‍ പ്രതിപക്ഷം കേവലം മല്‍സരത്തിനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനോട് യോജിക്കുന്നില്ലെന്നും ജഗ്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

ആന്ധ്രയില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസിന്റെ എതിരാളികളായ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടിഡിപി എന്‍ഡിഎയിലെ സഖ്യകക്ഷിയാണ്. വൈഎസ് ആര്‍ കോണ്‍ഗ്രസ് കൂടി പിന്തുണച്ചതോടെ, ആന്ധ്രയിലെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍  ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യുമെന്നുറപ്പായി.

അതേസമയം ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട്പട്നായിക്കിനെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ബന്ധപ്പെട്ടിട്ടുണ്ട്.

അതിനിടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെയായിരിക്കും മല്‍സരിക്കുകയെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുന്നണിയ്ക്ക് പുറത്തുനിന്ന് വോട്ടുനേടുന്നതിനായി സ്വതന്ത്രരെയോ, നിഷ്പക്ഷരെയോ സ്ഥാനാര്‍ത്ഥികളാക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഇപ്പോഴും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഝാ​ർ​ഖ​ണ്ഡ്​​ ഗ​വ​ർ​ണ​റും ആ​ദി​വാ​സി വ​നി​ത നേ​താ​വു​മാ​യ ദ്രൗ​പ​തി മു​ർ​മു, കേന്ദ്രമന്ത്രി എം വെങ്കയ്യനായിഡു, ദളിത് നേതാവും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ തവര്‍ചന്ദ് ഗെഹ് ലോട്ട്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ക്യാംപുകളില്‍ നിന്നും ഉയരുന്നത്.

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ, ബാബറി മസ്ജിദ് പൊളിച്ചതിലെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയത് ഇവരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

DONT MISS
Top