രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി പ്ര​തി​പ​ക്ഷ പാര്‍ട്ടികളുടെ സ്​​ഥാ​നാ​ർ​ഥി​യാ​യേക്കും; പ്രതിപക്ഷനേതാക്കള്‍ സംസാരിച്ചിരുന്നതായി ഗോപാല്‍കൃഷ്ണഗാന്ധി

ഗോപാല്‍ കൃഷ്ണ ഗാന്ധി

ദില്ലി : രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചര്‍ച്ചകള്‍ സജീവമായി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. ഇതിനായി യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ് പരിഗണനയിലുള്ളവരില്‍ മുന്‍പന്തിയില്‍. മുന്‍ ഉപപ്രധാനമന്ത്രി ബാബു ജഗ്ജീവന്‍ റാമിന്റെ മകളും, മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍.

ഐഎഎസുകാരനും നയതന്ത്രജ്ഞനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോ​പാ​ൽ കൃ​ഷ്​​ണ ഗാ​ന്ധിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണെന്നാണ് സൂചന. ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് എന്നിവരും ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സംസാരിച്ചെന്നും, എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി പറഞ്ഞു.

മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ഇ​ള​യ മ​ക​ൻ ദേ​വ​ദാ​സ്​  ഗാ​ന്ധി​യു​ടെ​യും സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ മ​ക​ൾ ല​ക്ഷ്​​മി​യു​ടെ​യും മ​ക​നാ​ണ്​ 72 കാ​ര​നാ​യ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി. 1945 ഏപ്രില്‍ 22 നാണ് ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധിയുടെ ജനനം.  ദില്ലി സെന്റ് സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി, 1968 മു​ത​ൽ 1992 വ​രെ ഇ​ന്ത്യ​ൻ സി​വി​ൽ സ​ർവീ​സില്‍ സേവനമനുഷ്ഠിച്ചു. 1992 ല്‍ അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 1985 മുതല്‍ 1987 വരെ ഉ​പ​രാ​ഷ്​​ട്ര​പ​തി​യു​ടെ സെ​ക്ര​ട്ട​റി​യാ​യും, 1987 മുതല്‍ 1992 വരെ രാ​ഷ്​​ട്ര​പ​തി​യു​ടെ ജോ.​ ​സെ​ക്ര​ട്ട​റിയായും,​​ 1997 ല്‍ രാഷ്ട്രപതിയുടെ സെ​ക്ര​ട്ട​റിയായും ഗോപാല്‍കൃഷ്ണ ഗാന്ധി പ്ര​വ​ർ​ത്തി​ച്ചു.

ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ൽ സാം​സ്​​കാ​രി​ക വി​ഭാ​ഗം മി​നി​സ്​​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. ലണ്ടന്‍ നെഹ്റു സെന്റര്‍ ഡയറക്ടറായിരുന്നു. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ശ്രീലങ്ക, എന്നീ രാജ്യങ്ങളില്‍ ഹൈക്കമ്മീഷണറായും, നോര്‍വെ, എസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായും ഗോപാല്‍ കൃഷ്ണ ഗാന്ധി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതല്‍ 2007 വരെയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി പശ്ചിമബംഗാള്‍ ഗവര്‍ണറായത്.

നന്ദിഗ്രാം കലാപത്തെ ശക്തമായി അപലപിച്ച ഗോപാല്‍കൃഷ്ണ ഗാന്ധി, ബംഗാളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ വേഷപ്രച്ഛന്നനായി സഞ്ചരിച്ചത് ഔട്ട് ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ൾ രചിക്കുകയും, പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ള്ള ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി അ​റി​യ​പ്പെ​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്രവര്‍ത്തകന്‍ കൂടിയാണ്.

2012 ല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി നിര്‍ദേശിച്ചെങ്കിലും, മല്‍സരത്തില്‍ നിന്നും  ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി ഒഴിഞ്ഞുമാറുകയായിരുന്നു. ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധി ഈ മാസം അവസാനം മമതാ ബാനര്‍ജിയുമായും മായാവതിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗോപാല്‍കൃഷ്ണ ഗാന്ധിയ്ക്ക് പിന്തുണ തേടി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പടിനായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

ഗോപാല്‍ കൃഷ്ണ ഗാന്ധി, മീരാകുമാര്‍ എന്നിവര്‍ക്ക് പുറമെ, എന്‍സിപി നേതാവ് ശരദ് പവാര്‍, ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് എന്നിവരുടെ പേരുകളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് പരിഗണനയിലുണ്ട്.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഇപ്പോഴും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഝാ​ർ​ഖ​ണ്ഡ്​​ ഗ​വ​ർ​ണ​റും ആ​ദി​വാ​സി വ​നി​ത നേ​താ​വു​മാ​യ ദ്രൗ​പ​തി മു​ർ​മു, കേന്ദ്രമന്ത്രി എം വെങ്കയ്യനായിഡു, ദളിത് നേതാവും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ തവര്‍ചന്ദ് ഗെഹ് ലോട്ട്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ക്യാംപുകളില്‍ നിന്നും ഉയരുന്നത്.

അതേസമയം ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ, ബാബറി മസ്ജിദ് പൊളിച്ചതിലെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയത് ഇവരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

DONT MISS
Top