സിബിഎസ്ഇയെയും കേന്ദ്രസര്‍ക്കാരിനെയും വലിച്ചുകീറിയൊട്ടിച്ച് ‘ഐ ഡോണ്ട് നീറ്റ് യൂ’

‘ഐ ഡോണ്‍ട് നീറ്റ് യൂ’വില്‍ നിന്ന്

വിനീതവിധേയരായി ജനങ്ങളെ കാല്‍ക്കീഴില്‍ നിര്‍ത്തുക എന്നത് കാലങ്ങളായി ഭരണകൂടങ്ങള്‍ ചെയ്തുവരുന്ന ഭരണതന്ത്രമാണ്. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള കര്‍ശന ശരീര പരിശോധനയും അടിവസ്ത്രമഴിപ്പിക്കലും അടക്കമുള്ള വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളെ കളിയാക്കിക്കൊണ്ടുള്ള തമിഴ് സ്പൂഫ് വീഡിയോ ‘ഐ ഡോണ്ട് നീറ്റ് യൂ’ വൈറലാകുന്നു. ടെമ്പിള്‍ മങ്കീസ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഒരു നീറ്റ് എക്‌സാം സെന്റര്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ സവര്‍ണതയെ മുതല്‍ ഇസ്‌ലാമോഫോബിയയെ വരെ കളിയാക്കുന്നു. ഹിന്ദി ഭാഷയുടെ അടിച്ചേല്‍പിക്കലിനെയും മണിരത്‌നം സിനിമയിലെ സവര്‍ണതയെയും വളരെ സമര്‍ത്ഥമായി കൊട്ടുന്നു. വിജയ് വരദരാജ് ആണ് സംവിധായകന്‍. വൈകിയെത്തിയ മത്സരാര്‍ത്ഥി ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ അയാളെ വേഗം കടത്തിവിടുകയും പേരു ചോദിച്ചപ്പോള്‍ “ഫാറൂഖ്” എന്നു പറയുകയും അതുകേട്ട് ഞെട്ടുന്നതും കാണാം.

പരീക്ഷാര്‍ത്ഥിയോട് ആധാര്‍ നമ്പര്‍ ചോദിക്കുന്നു, പശുവിന്റെ ആധാര്‍ നമ്പര്‍ ചോദിക്കുന്നു. “സ്‌റ്റേറ്റ് സിലബസുകാരനായ നീ എന്തിനാണ് മെഡിക്കല്‍ പരീക്ഷ എഴുതുന്നത്, അതിനു പകരം പോയി മറ്റൊരു ജാതിക്കാരിയെ കല്യാണം കഴിച്ച് കൊല്ലപ്പെട്ട് റെയില്‍വേ ട്രാക്കില്‍ കിടക്ക്” എന്നു പറയുമ്പോള്‍ ഇളവരശന്‍ അടക്കമുള്ള കൊല്ലപ്പെട്ടവരുടെ ചരിത്രം ഓര്‍മിപ്പിക്കുന്നു ‘ഐ ഡോണ്ട് നീറ്റ് യൂ’. രൂക്ഷമായ പരിഹാസത്തിലൂടെ രാജ്യത്തെ സങ്കടകരമായ കാര്യങ്ങള്‍ പറയുന്നു ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ.

DONT MISS
Top