മാവോയിസ്റ്റുകള്‍ സ്വയം വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ സിആര്‍പിഎഫിന് ഭീഷണിയാകുന്നു; റോക്കറ്റ് മുതല്‍ റാംബോ ആരോ വരെ

റാംബോ ആരോകളും ദേസി മോര്‍ട്ടാറുകളും

മാവോയിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ സിആര്‍പിഎഫിന് വന്‍ തലവേദനയാകുന്നു. വിക്ഷേപിക്കുന്ന തരത്തിലുള്ള ആയുധങ്ങളാണ് കേന്ദ്ര സേനയെ ഏറ്റവും വലയ്ക്കുന്നത്. വിക്ഷേപിക്കുന്ന തരത്തിലുള്ള അഞ്ച് ആയുധങ്ങള്‍ കഴിഞ്ഞയാഴ്ച്ച കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മാവോയിസ്റ്റുകള്‍ സ്വയം വികസിപ്പിച്ചെടുത്തവയാണ്.

റാംബോ ആരോ എന്നുവിളിക്കപ്പെടുന്ന അമ്പിനോട് സാദൃശ്യമുള്ള പൊട്ടിത്തെറിക്കുന്ന ആയുധമാണ് ഇതില്‍ ഏറ്റവും ശേഷി കുറഞ്ഞ ആയുധം. വില്ലില്‍ നിന്ന് അമ്പ് തൊടുക്കുന്നതുപോലെയാണ ഇത് പ്രയോഗിക്കുന്നത്. റാംബോ എന്ന സിനിമയില്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഉപയോഗിക്കുന്നതായി കാണിക്കുന്ന ആയുധത്തിന്റെ അതേ പകര്‍പ്പാണിത്.

100 ഗ്രാം സ്‌ഫോടക വസ്തുക്കളാണ് റാംബോ ആരോയുടെ അഗ്ര ഭാഗത്ത് നിറച്ചിരിക്കുക. 25 മീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനത്തില്‍ തറച്ചിരുന്ന് പൊട്ടിത്തെറിക്കാന്‍ റാംബോ ആരോയ്ക്കാകും. മുളങ്കമ്പുകളുടെ അഗ്ര ഭാഗത്താണ് സ്‌ഫോടക മുന ഘടിപ്പിക്കുന്നത്. അഗ്ര ഭാഗത്ത് വെടിമരുന്ന് അലുമിനിയം പാളിയില്‍ പൊതിയും. ഏറ്റവും അറ്റത്ത് ട്രിഗര്‍. ട്രിഗര്‍ അമരുമ്പോഴാണ് സ്‌ഫോടനം നടക്കുക. സ്‌ഫോടന സ്ഥലത്ത് ഉണ്ടാകുന്ന പുകമറയും അതീവ അപകടകാരിയാണ്.

പിന്നെയുള്ളത് ദേസി മോര്‍ട്ടാറാണ്. ആക്രമണത്തിനുപയോഗിക്കുന്ന റോക്കറ്റുകളുടെ ചെറിയ രൂപം. നൂറുമീറ്റര്‍ അകലേക്ക് തൊടുക്കാം. സ്റ്റീല്‍ പൈപ്പാണ് പ്രധാന ഭാഗം. സ്റ്റീല്‍ പൈപ്പിന്റെ അഗ്രത്തില്‍ കൂടുതല്‍ വലിപ്പമുള്ള സ്റ്റീല്‍ പൈപ്പും അതിന്റെ അഗ്രത്തില്‍ മുനയും ഘടിപ്പിക്കും. അവിടെയാണ് അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ 400 ഗ്രാം വരെ നിറയ്ക്കുന്നത്. ചുവടെയുള്ള സ്റ്റീല്‍ പൈപ്പില്‍ വെടിമരുന്ന് നിറയ്ക്കും. മുന്നോട്ടുള്ള കുതിപ്പിനാണത്.

ദേസി റോക്കറ്റുകളാണ് ഏറ്റവും അപകടകരം. രണ്ട് കിലോ അമോണിയം നൈട്രേറ്റോ ഫ്യുവല്‍ ഓയിലുകളോ നിറച്ചിരിക്കും. മുന്നൂറ് മീറ്റര്‍ വരെ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യത്തിലെത്തും. മുന്നോട്ടുകുതിക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്ന് നിറയ്ക്കുന്ന ഭാഗത്തേക്കാള്‍ വലിയ അറയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്.

ഏതൊരു സായുധ സേനയേയും വിറപ്പിക്കുന്ന രീതിയിലാണ് റോക്കറ്റ് തൊടുക്കുന്നത്. റോക്കറ്റ് ആക്രമണം ആരംഭിച്ചാല്‍ പ്രതിരോധിക്കുക ശ്രമകരമാണ്. രണ്ടുവര്‍ഷം മുമ്പ് ഛത്തീസ്ഗഢിലെ പോലീസ് സ്‌റ്റേഷന്‍ മാവോയിസ്റ്റുകള് റോക്കറ്റ് ആക്രമണത്തിലൂടെ നാമാവശേഷമാക്കിയിരുന്നു. അമ്പതിലേറെ റോക്കറ്റുകളാണ് ആക്രമണ സ്ഥലത്തുനിന്ന് കണ്ടെടുത്തത്.

ഏപ്രില്‍ 24 ന് നടന്ന ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. അഞ്ച് മാവോയിസ്റ്റുകളേയും അന്ന് വധിച്ചു. ഈ സംഭവത്തിനുശേഷം 2000 കമാന്‍ഡോകളെ ഇവിടെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌

DONT MISS
Top