എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ്: വിവാദ ഉത്തരവില്‍ വിശദീകരണവുമായി എസ്ബിഐ


മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവില്‍ വിശദീകരണവുമായി എസ്ബിഐ. മാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യമാണെന്ന് എസ്ബിഐ വ്യക്തമാക്കി. നാലിന് മുകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 25 രൂപ വീതം ചാര്‍ജ് ഈടാക്കുമെന്നും എസ്ബിഐ വിശദീകരിച്ചു. ട്വിറ്ററിലൂടെയാണ് ബാങ്ക് വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം, നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ മാറ്റം വരുത്തിയിട്ടില്ല. മറ്റ് സര്‍വീസ് നിരക്കുകള്‍ തുടരും.

ജൂണ്‍ ഒന്നുമുതല്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് കാട്ടിയാണ് എസ്ബിഐ ഉത്തരവ് ഇറക്കിയത്. ഓരോ ഇടപാടുകള്‍ക്കും 25 രൂപ വീതം ഈടാക്കുമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം രാത്രിയിലാണ് എസ്ബിഐ ഉത്തരവിറക്കിയത്.

എസ്ബിഐയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

എടിഎം ഇടപാടുകള്‍ക്ക് പുറമെ മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും ചാര്‍ജ് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 20 നോട്ടുകളോ അല്ലെങ്കില്‍ 5,000 രൂപ മൂല്യമുള്ള നോട്ടുകള്‍ മാത്രമേ സൗജന്യമായി മാറ്റിയെടുക്കാന്‍സാധിക്കൂ. 20 ന് മുകളില്‍ ഓരോ നോട്ടിനും രണ്ട രൂപ വീതവും 5,000 ന് മുകളില്‍ ഓരോ നോട്ടിനും രണ്ട് രൂപ വീതമോ അല്ലെങ്കില്‍ ഓരോ ആയിരത്തിനും അഞ്ച് രൂപ വീതവും ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

DONT MISS
Top