പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍ ഖമർ ജാവേദ്​ ബജ്​വയുമായി കൂടിക്കാഴ്​ച നടത്തി; കുല്‍ഭൂഷണ്‍ ജാദവ് വിഷയം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്

ജനറല്‍ ഖമര്‍ ബജ്വ, നവാസ് ഷെരീഫ് ( ഫയല്‍ ചിത്രം )

ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍  ഖമർ ജാവേദ്​ ബജ്​വയുമായി കൂടിക്കാഴ്​ച നടത്തി.  ബുധനാഴ്​ച വൈകിട്ടായിരുന്നു 90 മിനുട്ട്​ നീണ്ട കൂടികാഴ്​ച നടന്നത്​. ഇന്ത്യന്‍ മുന്‍ സൈനികന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്​​ട്ര നീതിന്യായ കോടതി  സ്റ്റേ ചെയ്തതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികളായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തതെന്ന് പാക്​ ചാനലായ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ നവീദ് മുക്താര്‍, ധനമന്ത്രി ഇഷാഖ് ധര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചതായി ജിയോ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ അടക്കം ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.

അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ നിലവിലെ സുരക്ഷാസ്ഥിതിഗതികള്‍ അറിയിക്കാനാണ് പാക് സൈനിക മേധാവി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അനൌദ്യോഗികമായി വിശദീകരിക്കുന്നത്.

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കവും, ഭീകരസംഘടനകള്‍ക്ക് സൈന്യം ഒത്താശ നല്‍കുന്നതായി ഡോൺ പത്രത്തിൽ വന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയിൽ വിഷയമായി.ചില ഭീകരസംഘടനകള്‍ക്ക് സൈന്യം സഹായം നല്‍കുന്നതായി, സൈനികരഹസ്യങ്ങള്‍ ചോര്‍്തതി ഡോണ്‍ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു.

അതേസമയം കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടിയില്‍, അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇന്ത്യയുടെ പരാതിയും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ച ഇന്ത്യന്‍ നടപടിയെ പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്ത്  നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇന്ത്യയുടെ നടപടി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും പാക് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു.

പാകിസ്താനിൽ ചാര പ്രവൃത്തി നടത്തിയെന്ന്​​ ആരോപിച്ചാണ്​ മുൻ  ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന  കുൽഭൂഷൻ ജാദവി​ന് പാക്​ സൈനിക കോടതി വധശിക്ഷ വിധിച്ചത്​. എന്നാല്‍ പാക് സൈനികകോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്യുകയായിരുന്നു.

DONT MISS
Top