സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് എആര്‍ റഹ്മാന്‍; സ്‌റ്റേഡിയത്തിലെ ഊര്‍ജ്ജം പുന:സൃഷ്ടിച്ചുവെന്നും മദ്രാസ് മൊസാര്‍ട്ട്

സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് പോസ്റ്റര്‍, എആര്‍ റഹ്മാനും സച്ചിനും

സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് തീയേറ്ററുകളെ പൂരപ്പറമ്പാക്കും എന്നതുറപ്പാണ്. സച്ചിന്‍തന്നെ അഭ്രപാളികളിലെത്തുകയും പ്രതിഭാധനരുടെ ഒരു വലിയ പിന്നണിയില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് അതിന് കാണികളെ നിരാശരാക്കാനാവുക? ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാനും സച്ചിന്‍ എ ബില്യന്‍ ഡ്രീംസിനേപ്പറ്റി ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ വെല്ലുവിളിയാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

ചിത്രത്തിന് സംഗീതം പകരുക എന്നത് ഏറെ വിഷമംപിടിപ്പിച്ചു എന്ന് ഗാനം പുറത്തുവിട്ടുകൊണ്ട് എആര്‍ റഹ്മാന്‍ പറഞ്ഞു. സച്ചിന്‍ കളിച്ച സമയത്തെ സ്റ്റേഡിയത്തിലെ അന്തരീക്ഷം പുനസൃഷ്ടിക്കുക എന്നതാണ് ഏറ്റവും ആയാസകരം. ആ ഊര്‍ജ്ജവും മൂഡും സംഗീതത്തിലേക്കും കൊണ്ടുവരേണ്ടതുണ്ടായിരുന്നു. തീര്‍ച്ചയായും ആരാധകര്‍ ചിത്രത്തിലെ സംഗീതം ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ എ ബില്യന്‍ ഡ്രീംസിലെ പുതിയ ഗാനം പുറത്തുവിട്ട ചടങ്ങിലാണ് എആര്‍ റഹ്മാന്‍ മനസുതുറന്നത്. സച്ചിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെ കടന്നുപോകുന്ന സിനിമയുടെ ഒരു ചെറുപതിപ്പായി ട്രെയിലറിനെയെന്നപോലെ ഇപ്പോള്‍ പുറത്തുവന്ന പാട്ടിനേയും കാണാം. സച്ചിന്‍ ആദ്യമായി അഭിനയിക്കുന്ന മുഴുനീള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആത്മകഥയില്‍ ഉണ്ടാകാത്ത പല സംഭവങ്ങളും ഈ ചിത്രത്തില്‍ മാത്രം കാണാനാവും.

ജയിംസ് എര്‍സ്‌കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മെയ് 26 ആണ് ചിത്രത്തിന്റെ സച്ചിന്‍ പുറത്തുവിട്ട റിലീസിംഗ് തീയതി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം സിനിമയായി വിജയിച്ച പശ്ചാത്തലത്തില്‍ കായിക പ്രേമികളെല്ലാം വളരെയധികം ആകാംഷയോടെയാണ് സച്ചിന്റെ സിനിമയെ കാത്തിരിക്കുന്നത്. എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേര്‍സും കൂടിയാണ്.

DONT MISS
Top