അനുവാദമില്ലാതെ കസേരയിലിരുന്നതിന് എട്ടുവയസ്സുകാരിയുടെ ഹിജാബ് അധ്യാപകന്‍ വലിച്ചൂരി മാറ്റി

പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: തന്റെ കസേരയിലിരുന്നതിന് എട്ടുവയസ്സുകാരിയുടെ ഹിജാബ് അധ്യാപകന്‍ വലിച്ചൂരി മാറ്റി. അതിനിടെ പെണ്‍കുട്ടിയുടെ വലത് കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്‌തു. ക്ലാസില്‍ മര്യാദയ്ക്ക് പെരുമാറാത്തതിനാണ് കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം തലയില്‍ നിന്നും ഹിജാബ് ഊരിക്കളഞ്ഞത് എന്നാണ് അധ്യാപകന്റെ വാദം. ബ്രോണ്‍സിലെ ബെന്നിങ്ടണ്‍ സ്‌കൂളിലാണ് സംഭവം.

ഒഖെനേറ്റിഗ എഡാ എന്ന മുപ്പത്തൊന്നുകാരനായ, താല്‍ക്കാലികമായി നിയമിക്കപ്പെട്ട അധ്യാപകനാണ് ഹിജാബ് വലിച്ചൂരി പെണ്‍കുട്ടിയെ മതപരമായി അധിക്ഷേപിച്ചത്. അനുവാദമില്ലാതെ കസേരയില്‍ ഇരുന്ന പെണ്‍കുട്ടിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ആദ്യം കയ്യില്‍ തട്ടി. എന്നിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ “ഞാന്‍ നിന്റെ ഹിജാബ് ഊരിക്കളയാന്‍ പോകുകയാണ്” എന്നു ഭീഷണിപ്പെടുത്തിയാണ് എഡാ ഹിജാബ് ഊരിക്കളഞ്ഞത്. പെണ്‍കുട്ടിയുടെ കോര്‍ണിയക്ക് പരിക്കുപറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

സംഭവത്തെത്തുടര്‍ന്ന് അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് വിദ്യാഭ്യാസവകുപ്പ് വക്താവായ മൈക്കേല്‍ അകിമന്‍ അഭിപ്രായപ്പെട്ടു. ജനുവരിയിലാണ് എഡാ ജോലിക്ക് കയറിയത്. “അധ്യാപകര്‍ അവരുടെ രോഷം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമാധാനത്തോടെ പഠിപ്പിക്കാനാണ് അവരെ നിയമിക്കുന്നത്. അവര്‍ ക്ഷമയുള്ളവരായിരിക്കണം. അതാണ് അവരുടെ ജോലി.” കുട്ടിയുടെ രക്ഷിതാവ് യ്വാരി ഓര്‍ട്ടിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപ് ഭരണത്തിലേറിതോടെ യുഎസ്സില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിവരികയാണ്. മുന്‍പുണ്ടായിരുന്നതില്‍ എത്രയോ കൂടിയ അളവിലാണ് ഇപ്പോള്‍ യുഎസ്സില്‍ ഇസ്‌ലാമോഫോബിക് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുമ്പ് സ്‌കൂളില്‍ ക്ലോക്കുണ്ടാക്കിക്കൊണ്ടുവന്ന മുസ്‌ലിം വിദ്യാര്‍ത്ഥിയെ ക്ലോക്കല്ല ബോംബാണ് കൊണ്ടുവന്നത് എന്നാരോപിച്ച് പീഡനത്തിനിരയാക്കിയ സംഭവമുണ്ടായിട്ടുണ്ട്.

DONT MISS
Top