കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്‌റ്റേ

ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു. അന്താരാഷ്ട്ര നീതി ന്യായ കോടതിയാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്. പാക് സൈനിക കോടതിയുടെ വിധിയാണ് അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തത്. സ്റ്റേ ആവശ്യപ്പെട്ടുള്ള ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താല്‍ക്കാലികമായി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി കത്തയച്ചിട്ടുണ്ട്.

2016 മാര്‍ച്ചില്‍ പാക് പിടിയിലായ കുല്‍ഭൂഷണ്‍ ജാദവിന് കഴിഞ്ഞ മാസമാണ് വധശിക്ഷ വിധിച്ചത്. പാകിസ്താന്റെ സൈനിക നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ ആര്‍മി ആക്ട് അനുസരിച്ച് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലിലാണ് കുല്‍ഭൂഷണിന്റെ വിചാരണ നടന്നത്. ചാരപ്രവര്‍ത്തി ചെയ്ത കാര്യം കുല്‍ഭൂഷണ്‍ തന്നെ കുറ്റസമ്മതം നടത്തിയെന്ന് പാകിസ്താന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

DONT MISS
Top