കശ്മീരില്‍ പൊലീസ് കസ്റ്റഡിയില്‍ യുവതിക്ക് ക്രൂരപീഡനം; നഗ്നയാക്കി ജനനേന്ദ്രിയത്തില്‍ ബിയര്‍ ബോട്ടില്‍ കടത്തി, മുളകുപൊടി വിതറി

പീഡനത്തിനിരയായ യുവതി ആശുപത്രിയില്‍

ശ്രീനഗര്‍: കശ്മീരിലെ കാനാചാകില്‍ പൊലീസ് കസ്റ്റഡിയില്‍ യുവതി ക്രൂരപീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ചെറിയ മോഷണക്കുറ്റത്തിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അതോടൊപ്പം പുരുഷന്മാര്‍ക്കൊപ്പമാണ് യുവതിയെ ജയിലില്‍ തടവിലിട്ടത് എന്നും ആരോപണമുണ്ട്. പൊലീസിന്റെ ക്രൂരമായ ലൈംഗിക ആക്രമണത്തെ അതിജീവിച്ച യുവതി ഇപ്പോള്‍ ചികിത്സയിലാണ്. ഉടുപ്പ് വലിച്ചുകീറി ജനനേന്ദ്രിയത്തിലേക്ക് പൊലീസ് ബിയര്‍ ബോട്ടില്‍ കുത്തിക്കയറ്റുകയും മുളകുപൊടി വിതറുകയും ചെയ്യുകയായിരുന്നു. പതിനഞ്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായി ജോലിചെയ്ത് ജീവിക്കുകയാണ് യുവതി. പൊലീസിനെ സമീപിക്കാതെ നേരിട്ട് മാധ്യമങ്ങള്‍ വഴി കോടതിയെ സമീപിക്കുകയായിരുന്നു ഇവര്‍.

യുവതി ജോലിചെയ്തിരുന്ന വീട്ടിലെ ദമ്പതികളാണ് ഇവര്‍ക്കുനേരെ മോഷണക്കുറ്റം ആരോപിച്ചത്. കാനാചല്‍ പൊലീസ് സ്റ്റേഷനില്‍ ഓരാഴ്ചയോളം തന്നെ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി.

ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗത്തെ ഓര്‍മിപ്പിക്കുന്ന തരം പീഡനമാണ് നടന്നതെന്ന് യുവതിയുടെ അഭിഭാഷക പറഞ്ഞു. കസ്റ്റഡിയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ ചെന്ന ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് യുവതിക്ക് ജാമ്യം കിട്ടിയത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്, ഫലം ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട്.

DONT MISS
Top