കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഒസാമ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം സ്വീകരിച്ചതായി വെളിപ്പെടുത്തല്‍; ഷെരീഫിനെതിരെ ഇമ്രാന്‍ ഖാന്‍ നിയമനടപടിയ്ക്കൊരുങ്ങുന്നു

ഒസാമ ബിന്‍ ലാദന്‍, നവാസ് ഷെരീഫ് (ഫയല്‍ ചിത്രം)

ഇസ്ലാമാബാദ് : കശ്മീരിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി നവാസ് ഷെരീഫ് അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനില്‍ നിന്നും വന്‍തുക സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ചാരന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ് പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ഭീകരവാദം പ്രോല്‍സാഹിപ്പിക്കാന്‍ 1980 കളുടെ അവസാനമാണ് നവാസ് ഷെരീഫ്, ബിന്‍ ലാദനില്‍ നിന്നും പണം കൈപ്പറ്റിയത്. ഏതാണ്ട് 1.5 ബില്യണ്‍ തുകയാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ചതെന്നും പുസ്തകം വെളിപ്പെടുത്തുന്നു.

1989 ല്‍ ബേനസീര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഈ പണം വിനിയോഗിച്ചതായി ആരോപണമുണ്ട്. ലാദന്‍ നല്‍കിയ പണത്തില്‍ നിന്നും 270 ദശലക്ഷം രൂപ ബേനസീര്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാനും വിനിയോഗിച്ചെന്ന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ രാഷ്ട്രീയപാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് ആരോപിച്ചു.

പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നവാസ് ഷെരീഫിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ഇമ്രാന്‍ ഖാന്‍. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ തുടര്‍ന്നുവരികയാണെന്ന് പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി. വിദേശശക്തികളില്‍ നിന്നും പണം കൈപ്പറ്റി രാജ്യത്തെ ജനാധിപത്യം അട്ടിമറിയ്ക്കാന്‍ നവാസ് ഷെരീഫ് കൂട്ടുനില്‍ക്കുകയായിരുന്നെന്ന് ഫവാദ് കുറ്റപ്പെടുത്തി.

2010 ല്‍ പാകിസ്താനി താലിബാന്റെ ആക്രമണത്തിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരനായിരുന്ന ഖാലിദ് ഖവാജ കൊല്ലപ്പെടുന്നത്.

DONT MISS
Top