‘മാധ്യമപ്രവര്‍ത്തകര്‍ ജഡ്ജിമാരാകേണ്ട’; സുനന്ദ കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ ചാനലിനെതിരെ ശശി തരൂര്‍

വാര്‍ത്ത പുറത്തുവിടുന്നു എന്നറിയിച്ചുകൊണ്ടുള്ള ട്വീറ്റ്‌

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വാര്‍ത്താ ചാനലിനെതിരെ കടുത്ത വിമര്‍ശനമായി ശശി തരൂര്‍. മാധ്യമപ്രവര്‍ത്തകര്‍ ന്യായാധിപരാകേണ്ട എന്ന് തരൂര്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പൊലീസിന്റെയും ജോലി ചെയ്യേണ്ടെന്നും പുതിയ ചാനല്‍ ശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും തരൂര്‍ പറഞ്ഞു. ചാനല്‍ ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട്, ടെലിഫോണ്‍ സംഭാഷണ ടേപ്പുകള്‍ പുറത്തുവിടുകയാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലെന്ന ആരോപണം ശക്തമാവുകയാണ്. ലാലുപ്രസാദ് യാദവ് മാഫിയാ ഡോണും മുന്‍ എംപിയുമായ ഷഹാബുദ്ദീനുമായി ഫോണില്‍ സംസാരിച്ച ടേപ്പായിരുന്നു റിപ്പബ്ലിക് ടിവി ആദ്യം പുറത്തുവിട്ട വാര്‍ത്ത.

മൂന്നുവര്‍ഷമായി സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്  അന്വേഷിക്കുന്നു. തനിക്കെതിരായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും തരൂര്‍ പറഞ്ഞു. മരിക്കുമ്പോള്‍ സുനന്ദ ഉണ്ടായിരുന്ന മുറിയുടെ നമ്പറിനെപ്പറ്റി തരൂര്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള ഫോണ്‍ സംഭാഷണമാണ് റിപ്പബ്ലിക് പുറത്തുവിട്ടത്.

“ജേണലിസ്റ്റായി അഭിനയിക്കുന്ന ഒരു ഷോമാന്‍ ആണ് ഇത്തരം കള്ളങ്ങള്‍ പുറത്തുവിടുന്നത്” എന്ന് തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ വാര്‍ത്ത ബിജെപി ഐടി സെല്ലുമായി ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയതാണെന്നും സൂചനയുണ്ടെന്നും ആരോപണമുണ്ട്. റിപ്പബ്ലിക് പുറത്തുവിടാന്‍ പോകുന്ന വാര്‍ത്ത ഇതാണ് എന്ന ട്വീറ്റ് വരുന്നതിനു മുമ്പേതന്നെ, ”ശശി തരൂരിന് ആശംസകള്‍” എന്ന് സുരേഷ് നഖുവ എന്ന ബിജെപിയുടെ സോഷ്യല്‍ മീഡിയാ വളണ്ടിയര്‍ ട്വീറ്റ് ചെയ്തിരുന്നു. 6.42 നാണ് റിപ്പബ്ലിക് ട്വീറ്റ് ചെയ്തത്, എന്നാല്‍ 6.18നു തന്നെ ബിജെപി വളണ്ടിയര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയരുന്നത്.

ചാനല്‍ വാര്‍ത്ത പുറത്തുവിടും മുമ്പേ, വാര്‍ത്തയെക്കുറിച്ച് സൂചന നല്‍കിയ ട്വീറ്റ്

ഒരു ന്യൂസ് ചാനലിനെ സംബന്ധിച്ച് അവര്‍ പുറത്തുവിടാന്‍ പോകുന്ന വാര്‍ത്ത രഹസ്യമായി സൂക്ഷിക്കുക എന്ന കാര്യം പാലിക്കാറുണ്ട്. വാര്‍ത്ത പുറത്തുവരും മുമ്പ്, അതിനെപ്പറ്റിയുള്ള സൂചനകള്‍ ഭരണ പാര്‍ട്ടിയുടെ നേതാക്കള്‍ പുറത്തുവിടുന്നത് ചാനല്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യമുയര്‍ത്തുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തരൂര്‍ വിവാദത്തിലാകാന്‍ പോകുന്നുവെന്ന് ബിജെപി ഐടി സെല്‍ വളണ്ടിയര്‍ എങ്ങനെ അറിയുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ നവമാധ്യമ അണികള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ബിജെപി ബന്ധമുള്ള മറ്റ് അക്കൗണ്ടുകളില്‍ നിന്നും സമാനമായ ട്വീറ്റുകള്‍ വന്നിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചില ആരോപണങ്ങള്‍ക്കപ്പുറം പുതിയ എന്ത് വസ്തുതയാണ് ചാനല്‍ പുറത്തുവിട്ടത് എന്ന ചോദ്യവും വ്യാപകമായി ഉയരുന്നുണ്ട്.

ശശി തരൂരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

DONT MISS
Top