കൈയ്യേറ്റത്തെ കുറിച്ച് പഠിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് മൂന്നാറില്‍ സന്ദര്‍ശനം നടത്തും

പ്രതീകാത്മകചിത്രം

മൂന്നാര്‍: കൈയ്യേറ്റത്തെ കുറിച്ച് പഠിക്കാന്‍ രേണുക ചൗധരി അധ്യക്ഷയായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് മൂന്നാറില്‍ സന്ദര്‍ശനം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി മൂന്നാറിലെത്തുന്നത്. വിവിധ നേതാക്കളും സംഘത്തിലുണ്ടാകും. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഘം മൂന്നാറിലെത്തുക.

മൂന്നാറിന് പുറമെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കയ്യേറ്റക്കാര്‍ പിടിമുറുക്കുന്നു. കാഞ്ചിയാര്‍, അഞ്ചുരുളിയില്‍ വിനോദ സഞ്ചാര മേഖലയായ ഗാന്ധി നഗറിന് സമീപമാണ് കയ്യേറ്റം. സ്വകാര്യ വ്യക്തി ഇടുക്കി ഡാമിനോട് ചേര്‍ന്ന് ഏക്കറ് കണക്കിന് വനഭൂമിയാണ് കയ്യേറിയിരിക്കുന്നത്. കയ്യേറ്റ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ കെട്ടി ഉയര്‍ത്തുന്നതും ഒരു മാനദണ്ഡങ്ങളും പാലിക്കാതെയുമാണ്.

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന്  കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയും നിയസഭയില്‍ പറഞ്ഞിരുന്നു.  നിയമസഭയിൽ പിസി ജോർജിന്റെ ചോദ്യത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി  ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം നടന്നത്. വന്‍കിട കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. മൂന്നാര്‍ സംരക്ഷിക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൈയേറ്റക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടെന്നും സമയക്രമം നിശ്ചയിച്ച് ഉടന്‍ നടപടികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

DONT MISS
Top