‘മണി അങ്ങനെ പറഞ്ഞതല്ല, സിഐ ആക്രമിച്ചതാണ് ഇവിടെയിരുന്ന് സമരം ചെയ്യാന്‍ കാരണം’; മലക്കംമറിഞ്ഞ് ഗോമതി

എംഎം മണിയും സമരത്തിന്‍റെ ചിത്രവും

മൂന്നാര്‍: മന്ത്രി എംഎം മണി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചിരുന്നോ? സംസാരിച്ചാലും ഇല്ലെങ്കിലും ഈ വിഷയമുയര്‍ത്തിയാണ് മൂന്നാറില്‍ ഗോമതി ഉള്‍പ്പെടെയുള്ള പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നതെന്ന് ഏവര്‍ക്കുമറിയാം. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ പന്തലില്‍ നേരിട്ടെത്തി, സമരമേറ്റെടുത്തെന്ന് പ്രഖ്യാപിച്ചതുമാണ്. ദിവസങ്ങള്‍ കഴിഞ്ഞതോടെ സമരം ആളും ആരവവുമില്ലാത്തതായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതിനും പിന്നാലെയിതാ സമരത്തിന്റെ കാരണമെന്തെന്ന് ഗോമതി തന്നെ വ്യക്തമാക്കുകയാണ്.

മണിയോടല്ല,സിഐയോടാണ് പ്രതിഷേധമെന്ന് അവര്‍ പറയുന്നു. മന്ത്രി എംഎം മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്. പക്ഷെ മണിയെ രാജിവെപ്പിക്കാനല്ല, ഞങ്ങള്‍ ഇവിടെ കുത്തിയിരുന്നതെന്നും ഗോമതി പറയുന്നു. ഞങ്ങള്‍ കുത്തിയിരിക്കാന്‍ വന്നതല്ല ഇവിടേക്ക്. എംഎം മണി പറയുന്നത് കേട്ട് പ്രകടനം നടത്തിയ ശേഷം, വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചാണ് തങ്ങള്‍ വന്നതെന്നും ഗോമതി പറയുന്നു. പക്ഷെ മൂന്നാര്‍ സിഐ സമരത്തിനെത്തിയവരെയും രാജേശ്വരി ചേച്ചിയെയും മര്‍ദിച്ചതുകൊണ്ടാണ് അവിടെ കുത്തിയിരുന്ന് സമരം ആരംഭിച്ചതെന്നും ഗോമതി പറയുന്നു. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ കുത്തിയിരിക്കാന്‍ വന്നവരല്ല തങ്ങളെന്ന് വളരെ കൃത്യമായി തന്നെ പറഞ്ഞുവെക്കുകയാണ് ഗോമതി.

സമരം ശക്തമായി മുന്നോട്ടുപോകുമെന്നും ഗോമതി പറയുന്നു. മാധ്യമപ്രചരണങ്ങളോടും വളരെ രൂക്ഷമായാണ് ഗോമതി പ്രതികരിച്ചിരിക്കുന്നത്. പെരുവഴിയിലല്ല തങ്ങളുടെ സമരം. എല്ലാം കണ്ടും കേട്ടും കണ്ടിട്ട് കാണാത്തതുപോലെ കേട്ടിട്ടും കേള്‍ക്കാത്തതുപോലെ തങ്ങളിരിക്കുന്നുണ്ട്. ഇതിനൊക്കെ തങ്ങള്‍ മറുപടി പറയും, എംഎം മണിയുടെ വിഷയം തീരട്ടെയെന്നും ഗോമതി മാധ്യമങ്ങളോട് പറഞ്ഞു.

ഗോമതി പറഞ്ഞതിങ്ങനെ

‘സമരം ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. പെരുവഴിയിലല്ല ഞങ്ങളുടെ സമരം. എല്ലാം കണ്ടും കേട്ടും കണ്ടിട്ട് കാണാത്തതുപോലെ കേട്ടിട്ടും കേള്‍ക്കാത്തതുപോലെ ഞങ്ങളിരിക്കുന്നുണ്ട്. ഇതിനൊക്കെ ഞങ്ങള്‍ മറുപടി പറയും, എംഎം മണിയുടെ ഇത് തീരട്ടെ. അതിന് വേണ്ടിയല്ല ഞങ്ങള്‍ കുത്തിയിരുന്നത്. ഞങ്ങള്‍ കുത്തിയിരുന്നതല്ല, ഇവിടെ വന്നിട്ട്. എംഎം മണി പറഞ്ഞത് കേട്ടിട്ട്, പ്രകടനം നടത്തിയിട്ട് വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതാണ്. സിഐ ചേട്ടനെയും രാജേശ്വരി ചേച്ചിയെയും മര്‍ദിച്ചതുകൊണ്ടാണ് ഞങ്ങളിവിടെ കുത്തിയിരുന്നത്.ഞങ്ങളിവിടെ കുത്തിയിരിക്കാന്‍ വന്നവരല്ല’

സമരം എളുപ്പത്തില്‍ അവസാനിപ്പിക്കാനുള്ള പുതിയ കാരണമാണ് ഗോമതി തേടുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സമരം ആരംഭിക്കുമ്പോള്‍ ഗോമതി പറഞ്ഞതിങ്ങനെ.


അതേസമയം പിന്തുണ പ്രഖ്യാപിച്ചവരാകെ സമരത്തെ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമരപ്പന്തലിലെത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി 12ന് നടക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് ഒന്നാംപേജില്‍ ‘പൊമ്പിളൈ ഒരുമൈ സമരം വഴിയാധാരം എന്ന തലക്കെട്ടില്‍’ മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊമ്പിളൈ ഒരുമൈയുടെ രണ്ടാംസമരം വന്‍ പരാജയത്തിലാണെന്നായിരുന്നു മാതൃഭൂമിയിലെ വാര്‍ത്ത. തൊഴിലാളി സ്ത്രീകളെ ആക്ഷേപിച്ച മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ രണ്ടാഴ്ചയായി നടത്തുന്ന സമരം പെരുവഴിയിലായിയെന്നും വാര്‍ത്തയില്‍ പറയുന്നു. മൂന്നാറിലെ സമരപ്പന്തലിനുമുന്നില്‍ ബക്കറ്റുവെച്ച് സംഭാവന സ്വീകരിച്ചാണ് സമരം മുന്നോട്ടുകൊണ്ടുപോകുന്നത്. സമരപ്പന്തലില്‍ ഉണ്ടായിരുന്ന ആംആദ്മി പ്രവര്‍ത്തകരും മാധ്യമങ്ങളും പിന്‍വാങ്ങി. ഗോമതിയും കൗസല്യയും രാജേശ്വരിയും മാത്രമാണ് സമരപ്പന്തലിലുള്ളതെന്നും, ഏതുവിധേനയും സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണിവരെന്നും വാര്‍ത്ത സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെരുവഴിയിലല്ല തങ്ങളുടെ സമരമെന്ന് പ്രഖ്യാപിച്ച് ഗോമതി രംഗത്തെത്തിയത്.

അതേസമയം എംഎം മണിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നതോടെ, മണി സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയെന്ന വാദം പലരും അവസാനിപ്പിച്ചിരുന്നു. സബ്കളക്ടര്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമെല്ലാം ശക്തമായ വാക്കുകളിലാണ് മണി അന്ന് പ്രസംഗിച്ചത്. ഈ പ്രസംഗത്തിലും തുടര്‍ന്നുള്ള മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിലും മന്ത്രിയെന്ന നിലയിലുള്ള ജാഗ്രത പുലര്‍ത്താത്തതിനെ തുടര്‍ന്ന് സിപിഐഎം മണിയെ പരസ്യമായി ശാസിച്ചിരുന്നു. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മണി വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടപ്പിക്കുകയും ചെയ്തു. അതേസമയം യുഡിഎഫ് നിയമസഭയില്‍ ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭം തുടരുകയാണ്. ഇതിനിടയിലാണ് നിരാഹാരം പൊലീസ് അതിക്രമത്തെ തുടര്‍ന്നാണെന്ന പ്രതികരണവുമായി ഗോമതി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമശ്രദ്ധയും പിന്തുണയും ഇല്ലാതാകുമ്പോള്‍, എങ്ങനെയും സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതുമെന്നാണ് ഗോമതി വിരുദ്ധര്‍ പറയുന്നത്.

(വിവാദ പ്രസംഗം)

DONT MISS
Top