നീറ്റ് പരീക്ഷയ്ക്ക് അടിച്ചേല്‍പ്പിച്ചത് കുട്ടികളുടെ മാനസിക നിലയെ തകര്‍ക്കുന്ന നിയന്ത്രണണങ്ങളെന്ന് മുഖ്യമന്ത്രി

നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ സുരക്ഷാ പരിശോധന പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികളുടെ മാനസിക നിലയെ പോലും തകര്‍ക്കുന്ന വിധത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രീതി പരിഷ്‌കൃത സമൂഹത്തിന് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചു.’

നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും അംഗീകരിക്കുവാനാകാത്ത  ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ മോഹനകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കണ്ണൂരിലാണ് കേരളത്തിന് അപമാനകരമായ സംഭവം നടന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്കൂളുകളില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ചാണ് പരിശോധന നടത്തിയത്. ഇതുകൂടാതെ ശരീരം മറച്ച് വസ്ത്രം ധരിച്ചെത്തിയവര്‍ക്കും നിരവധി മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ച് മാറ്റിയ ശേഷമാണ് വിദ്യാര്‍ത്ഥിനികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്.

പരിശോധനാസമയത്ത് അടിവസ്ത്രം മാറ്റിച്ച കാര്യം ഒരു പെണ്‍കുട്ടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ‘മകള്‍ അകത്തുകടന്നയുടന്‍ തിരിച്ചുവരുന്നതുകണ്ടു. കയ്യില്‍ അടിവസ്ത്രമുണ്ട്. അടിവസ്ത്രമെന്നാല്‍ ഞാന്‍ വ്യക്തമായി പറയാം, ബ്രാ തന്നെ. ഇതുവെച്ച് പരീക്ഷയെഴുതുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’ പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു. ഇക്കാര്യത്തില്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍. പലപെണ്‍കുട്ടികള്‍ക്കും അടിവസ്ത്രമുപേക്ഷിച്ച് പരീക്ഷയ്ക്കിരിക്കേണ്ടി വന്നു.

മറ്റുപല പരീക്ഷാകേന്ദ്രങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രസ് കോഡ് വേണോ എന്ന അപേക്ഷാഫോമിലെ ചോദ്യത്തിന് വേണ്ട എന്നാണ് ഉത്തരം നല്‍കിയിരുന്നത് എന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയപ്പോഴാണ് അങ്ങനെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കുന്നത്.

DONT MISS
Top