ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിലെ കറുത്ത കുതിര, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ധനകാര്യ മന്ത്രി, 24 വയസ് കൂടുതലുള്ള അധ്യാപികയെ വിവാഹംകഴിച്ച, സ്വന്തം നിലപാടുകളിലുറച്ച ഉരുക്കുമനുഷ്യന്‍: ഇമ്മാനുവേല്‍ മക്രോണ്‍ എന്ന 39കാരനായ പ്രസിഡന്റ്

ഇമ്മാനുവേല്‍ മാക്രോണ്‍

പാരിസ്: മരീന്‍ ലീ പെന്‍ എന്ന തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിച്ച് ഫ്രാന്‍സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വെറും 39 വയസുകാരനായ ഇമ്മാനുവേല്‍ മാക്രോണിന്റെ നട്ടെല്ലിന്റെ കരുത്തളക്കാന്‍ അമിത ദേശീയവാദവും ഇസ്ലാമോഫോബിയയാല്‍ നിറഞ്ഞ ഇടുങ്ങിയ ചിന്തകളും മതിയാകാതെ വന്നേക്കും. രാജ്യത്തെ ഒറ്റയ്ക്കുനിര്‍ത്തി സേവിച്ച് ലോകപൊലീസാക്കി കയ്യില്‍തരാം എന്നല്ല അദ്ദേഹം വാദിച്ചത്. മറിച്ച് യൂറോപ്യന്‍ യൂണിയനെ കൂടുതല്‍ ദൃഢമാക്കാണമെന്നും യൂറോസോണിന് പ്രത്യേക ബജറ്റും പ്രത്യേക മന്ത്രിയും നല്‍കാമെന്നുമായിരുന്നു. പ്രതിഫലമായി ഫ്രാന്‍സ് അദ്ദേഹത്തിന് വച്ചുനീട്ടിയതോ, അര്‍ഹിച്ച പ്രസിഡന്റ് സ്ഥാനവും.

ഇമ്മാനുവേല്‍ മാക്രോണ്‍ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. എന്നാല്‍ അദ്ദേഹത്തിന് അത്രയും സമയം ധാരാളമായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിപ്പെടാന്‍. സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍ നേട്ടങ്ങളാണ് മാക്രോണ്‍ കയ്യിലൊതുക്കിയത്. അതിനുശേഷം ഇന്‍വസ്റ്റ് മെന്റ് ബാങ്കിംഗ് രംഗത്തേക്ക് കടന്ന് ധനവാനായതിനുപിന്നാലെ രാഷ്ട്രീയ പ്രവേശം, സാമ്പത്തിക ഉപദേഷ്ടാവ്, സാമ്പത്തിക മന്ത്രി, അങ്ങനെ കഴിവുകളുടെ അങ്ങേയറ്റമായിരുന്നു മാക്രോണ്‍. കേവലം 12 മാസം മുമ്പ് മാത്രം രൂപീകരിച്ച ഒരു പാര്‍ട്ടിയില്‍നിന്നുകൊണ്ട് പ്രസിഡന്റ് സ്ഥാനം കയ്യിലൊതുക്കാനായെങ്കില്‍ അത് ഇമ്മാനുവേല്‍ മാക്രോണ്‍ എന്ന വ്യക്തിയുടെ പ്രഭാവം കൊണ്ട് മാത്രമാണ്.

തന്നേക്കാള്‍ 24 വയസ് അധികമുള്ള തന്റെ അധ്യാപികയെ വിവാഹം ചെയ്തപ്പോള്‍ത്തെന്നെ നിലപാടുകളിലുറച്ച കരുത്തനെ ഫ്രാന്‍സ് തിരിച്ചറിഞ്ഞു. സദാചാര പൊലീസിനെ ശമ്പളം കൊടുത്ത് വളര്‍ത്തുന്ന സര്‍ക്കാറുകള്‍ ഉള്ള രാജ്യങ്ങളുടെ മുമ്പില്‍ ഈ തെരഞ്ഞെടുപ്പിലൂടെ ജയിച്ചത് ഫ്രാന്‍സിലെ ജനതതന്നെയാണ്. ഇസ്ലാമോഫോബിയ കീഴടക്കാനാരംഭിച്ച മനസുകളില്‍ സൗഹൃദപരമായ രാജ്യാന്തര കാഴ്ച്ചപ്പാടും ഫ്രഞ്ച് ഭാഷ പ്രധാന മാനദണ്ഡമാക്കിയുള്ള പൗരത്വവും അദ്ദേഹം മുന്നോട്ടുവച്ചു. ഉദാരമായ സാമ്പത്തിക നയവും നികുതികളുടെ വെട്ടിക്കുറയ്ക്കലും പ്രഖ്യാപിച്ചു. തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞതുപോലെ ഫ്രഞ്ച് ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെത്തിന്നെ ലഭിച്ചു.

ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങള്‍ പഠിപ്പാക്കാന്‍ എല്ലാ മത മേധാവികള്‍ക്കും ബോധവത്കരണം നടത്തണമെന്ന് മാക്രോണ്‍ പറയുന്നു. മതങ്ങള്‍ക്ക് നിലപാടുകളാകാം. പുറത്തുനിന്നുള്ളവരാണെങ്കിലും അകത്തുള്ളവരാണെങ്കിലും. എന്നാലത് ഫ്രാന്‍സിന്റെ നയങ്ങളെ സ്പര്‍ശിക്കുന്നതുവരെ മാത്രം മതി, അതിനപ്പുറം പാടില്ല. ജനങ്ങളുടെ മനസിളക്കിയ നായകന്‍ നല്‍കിയ പ്രതീക്ഷകളെ ഫ്രഞ്ച് ജനത ശിരസ്സാവഹിച്ചു എന്നുവേണം കരുതാന്‍. പ്രായക്കുറവ് ഒരു പ്രശ്‌നമാകുമോ എന്ന് സന്ദേഹിച്ചപ്പോള്‍ ഫോട്ടോഷോപ്പില്‍ പ്രായം കൂട്ടേണ്ടിവന്നു അദ്ദേഹത്തിന്. പ്രായത്തിനുമപ്പുറം കഠിനാധ്വാനവും തത്വ ചിന്തകരുമായുള്ള ബന്ധവും അദ്ദേഹത്തെ ജന മനസുകളിലേക്ക് ആകര്‍ഷിച്ചു.

അഞ്ച് വര്‍ഷത്തിനുളളില്‍ 1000 കോടി യൂറോ പൊതു മൂലധന നിക്ഷേപം, 6000 കോടി യൂറോ മിച്ച ബജറ്റ്, അടിസ്ഥാന സൗകര്യ വികസനം, നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികള്‍, തിരഞ്ഞെടുപ്പില്‍ 50% വനിതാ സംവരണം, താക്കോല്‍ സ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് മുന്‍ഗണന എന്നിങ്ങനെ മാക്രോണ്‍ ഫ്രാന്‍സിന് നല്‍കിയ സ്വപ്‌നങ്ങള്‍ ചെറുതല്ല. സ്വപ്‌നങ്ങള്‍ യാതാര്‍ത്ഥ്യമാക്കാന്‍ മിടുക്കനാണ് ഈ 39 വയസുകാരന്‍ എന്ന് ആ ജനതയ്ക്കറിയാം. ഒരിക്കലും കഴിവില്ലാത്ത കരങ്ങളിലല്ല രാജ്യത്തിന്റെ ഭരണമിപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിനെ അവര്‍ തെരഞ്ഞെടുത്തത് വെറുതെയല്ല.

DONT MISS
Top