മാതാപിതാക്കളെ അഗതി മന്ദിരങ്ങളിലേക്ക് തള്ളിവിടുന്ന മക്കള്‍ക്ക് സന്ദേശവുമായി ഹ്രസ്വചിത്രം ‘തണല്‍’

വൃദ്ധരായ മാതാപിതാക്കളെ അഗതി മന്ദിരങ്ങളിലേക്കും തെരുവിലേക്കും തള്ളിവിടുന്ന മക്കളുടെ മനോഭാവത്തെ തിരുത്തുകയെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം. ദോഹയിലെ മലയാളികളായ ഒരു സംഘം യുവാക്കളാണ് തണല്‍ എന്ന പേരില്‍ അച്ഛനമ്മമാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരുടെ കഥ ഇപ്പോഴും തുടരുകയാണെന്നും അതിനെതിരെ മക്കളെ സനേഹം കൊണ്ട് ബോധവല്‍ക്കരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ചിത്രമാണ് ജലാല്‍ മാഗ്ന സംവിധാനം ചെയ്ത തണല്‍ എന്ന ലഘുചിത്രം.

വയസ്സുകാലത്ത് മകനോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന അച്ഛനെ നെഞ്ചില്‍ പിടിച്ചുതളളി അഗതിമന്ദിരത്തിലാക്കുന്ന മകന്‍ മനസ്സുമാറി തിരിച്ചെത്തുന്നതും അഗതിമന്ദിരത്തിലെ അന്തേവാസികളുടെ യഥാര്‍ത്ഥ സ്‌നേഹം അനുഭവിച്ചറിഞ്ഞ അച്ഛന്‍ മകനോടൊപ്പം പോകാന്‍ വിസമ്മതിക്കുന്നതുമാണ് തണലിന്റെ ഇതിവൃത്തം. അച്ഛനമ്മമാരെ അഗതിമന്ദിരത്തിലാക്കിയിട്ടുവേണം സുഖമായൊന്ന് ജീവിക്കാന്‍ എന്ന വികലധാരണയുമായി നടക്കുന്ന മക്കള്‍ക്ക് ഒരു പുനരാലോചനക്ക് അവസരം നല്‍കുകയാണ് ഈ ചിത്രത്തിന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ ജലാല്‍ മാഗ്ന പറഞ്ഞു.

മലയാളം തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുന്ന റിയാസ് ദോഹയാണ് മകന്റെ വേഷം ചെയ്യ്തിട്ടുള്ളത്. പ്രശസ്ത നടന്‍ നാരായണന്‍, പാലേരി മാണിക്യത്തിലെ ശ്രദ്ധേയനായ ശ്രീജിത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍ അന്‍ഷാദ് തൃശൂരാണ് സംഗീത സംവിധായകന്‍.

തെരുവിലേക്കും അഗതിമന്ദിരങ്ങളിലേക്കും എടുത്തെറിയപ്പെടുന്ന രക്ഷിതാക്കളെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്നത് അപൂര്‍വ്വം വാര്‍ത്തകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ കണക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികളടക്കം നിരവധി പേരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

https://www.youtube.com/watch?v=VOIhzQuzH5Q

DONT MISS
Top