റിപ്പബ്ലിക് ടിവി പുറത്തുവിട്ട ലാലു- ഷഹാബുദ്ദീന്‍ ടേപ്പ്; പ്രതികരിക്കാതെ ലാലുവും നിതീഷും

റിപ്പബ്ലിക്കിന്റെ ആദ്യ വാര്‍ത്ത

പാറ്റ്‌ന: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി പുറത്തുവിട്ട ആദ്യ വാര്‍ത്ത ആര്‍ജെഡി നേതാവായ ലാലു പ്രസാദ് യാദവിന് മുന്‍ ആര്‍ജെഡി എംപിയും മാഫിയാ തലവനുമായിരുന്ന ഷഹാബുദ്ദീനുമായുള്ള ടെലിഫോണ്‍ സംഭാഷണമായിരുന്നു. വലിയ ആവേശത്തോടെ, ബിഗ് ബ്രേക്കിങ് ആയി 45 ക്രിമിനല്‍ കേസുകളുള്ള, ജയിലില്‍ കഴിയുന്ന മാഫിയത്തലവനുമായി ലാലു പ്രസാദ് യാദവിനുള്ള ബന്ധം വ്യക്തമാക്കുന്ന ഓഡിയോ ടേപ്പ് പുറത്തുവിട്ടെങ്കിലും അര്‍ണബ് ഉദ്ദേശിച്ച പ്രതികരണം ലാലുവില്‍ നിന്നും ലഭിച്ചില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

“കലാപത്തിന് സാധ്യതയുണ്ടെന്നാണ് ഷഹാബുദ്ദീന്‍ ഫോണിലൂടെ ലാലുവിനെ അറിയിച്ചത്. അത്തരമൊരു പ്രധാന കാര്യം അറിയിക്കുന്നതില്‍ എന്താണ് തെറ്റ്? ബീഹാറിലെ ജയിലുകളില്‍ കഴിയുന്ന ആരുമായും ആരും ഫോണില്‍ സംസാരിക്കാറില്ലെന്ന് കരുതുന്നവര്‍ കള്ളം പറയുന്നവരാണ്.” മുന്‍ രാജ്യസഭാംഗം ശിവാനന്ദ് തിവാരി പറഞ്ഞു. ഫോണ്‍ സംഭാഷണം ആരാണ് റെക്കോര്‍ഡ് ചെയ്തതെന്ന കാര്യം അന്വേഷിക്കണമെന്ന് ആര്‍ജെഡി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരമൊരു ടെലിഫോണ്‍ സംഭാഷണത്തില്‍ എന്താണ് അസ്വാഭാവികതയുള്ളത് എന്നാണ് പൊതുവെ ഉയര്‍ന്ന ചോദ്യം. ക്രിമിനലുകള്‍ ഭരിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ഈയൊരു ഫോണ്‍കോള്‍ എങ്ങനെയാണ് ദേശസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടമാകുക? ഇതുവരെയും ആരോപണവിധേയനായ നേതാവ് ലാലു പ്രസാദ് യാദവ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല എന്നത് ഇക്കാര്യത്തെ പാര്‍ട്ടിയും ഭരണപക്ഷവും എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കുന്നു.

DONT MISS
Top