റെക്കോര്‍ഡ് നിലനിര്‍ത്താന്‍ എണ്‍പത്തഞ്ചാം വയസ്സില്‍ എവറസ്റ്റ് കയറുന്നതിനിടെ പര്‍വതാരോഹകന്‍ മരിച്ചു

ഷെര്‍ചന്‍ പര്‍വതാരോഹണത്തിനിടെ

മൗണ്ട് എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡ് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ എണ്‍പത്തഞ്ചുകാരനായ പര്‍വതാരോഹകന്‍ മരിച്ചു. മിന്‍ ബഹാദൂര്‍ ഷെര്‍ചാന്‍ ആണ് ശനിയാഴ്ച വൈകുന്നേരം ബേസ് ക്യാംപില്‍ വെച്ച് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് പര്‍വ്വതാരോഹക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

17 പേരക്കുട്ടികളും ആറു കുട്ടികളുടെ മുതുമുത്തച്ഛനുമാണ് പര്‍വതാരോഹണത്തിനിടെ മരിച്ച ഷെര്‍ചന്‍. 2008ല്‍ 76 വയസ്സായിരുന്ന ഷെര്‍ചന്‍ എവറസ്റ്റ് കീഴടക്കിയിരുന്നു. 2013ല്‍ ജപ്പാന്‍കാരനായ യൂചിറോ മിയൂര എന്ന എണ്‍പതുകാരന്‍ ഷെര്‍ചന്റെ റെക്കോര്‍ഡ് തകര്‍ത്തു.
റെക്കോര്‍ഡ് വീണ്ടെടുക്കാന്‍എവറസ്റ്റ് കയറിയിറങ്ങിക്കഴിഞ്ഞാല്‍ കലാപമേഖലകളില്‍ സമാധാനത്തിന്റെ സന്ദേശം പടര്‍ത്താനുള്ള യാത്രയ്ക്ക് പുറപ്പെടുമെന്ന് ഷെര്‍ചന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ഷെര്‍ചന്‍ എവറസ്റ്റ് കീഴടക്കാനിറങ്ങിയത്. ശ്വാസസംബന്ധമായോ രക്തസമ്മര്‍ദ്ദം സംബന്ധിച്ചോ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പര്‍വതങ്ങളില്‍ തന്നെ ജനിച്ചുവളര്‍ന്നതിനാല്‍ പര്‍വതങ്ങള്‍ കീഴടക്കുക എളുപ്പമുള്ള ജോലിയുമാണ്. 1960കളിലാണ് ഷെര്‍ചന്റെ പര്‍വതാരോഹണ ജീവിതം തുടങ്ങുന്നത്. ധോലഗിരി പര്‍വതം കയറാനെത്തിയ സ്വിസ് സംഘത്തോടൊപ്പം നേപ്പാളീസ് ഗവണ്‍മെന്റ് ഷെര്‍ചനെ നിയമിച്ചതോടെയാണ് ഇത്.

പിന്നീടുള്ള ജീവിതം ആപ്പിള്‍ കര്‍ഷകനായും റോഡുകളും ഡാമുകളും നിര്‍മിച്ചും കാഠ്മണ്ഠുവില്‍ ഹോട്ടലുകള്‍ നടത്തിയും അതിനിടെ മലകയറിയും മലകയറാനാഗ്രഹിച്ചും ജീവിക്കുകയായിരുന്നു ഷെര്‍ചാന്‍.

DONT MISS
Top