‘ഇനി കയ്യേറാന്‍ വരുന്നവര്‍ക്ക് പാഠമായിരിക്കും ഈ കയ്യേറ്റമൊഴിപ്പിക്കല്‍’; വന്‍കിട കയ്യേറ്റക്കാരെ പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍ (ഫയല്‍)

തിരുവനന്തപുരം: മൂന്നാറില്‍ ഇനിയൊരാള്‍ക്കും കയ്യേറാന്‍ തോന്നാത്ത നിലയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കയ്യേറ്റത്തെയും കയ്യേറ്റമായേ കാണൂ. പക്ഷെ സര്‍ക്കാര്‍ ആദ്യം കൈവെക്കുന്നത് കൈവെക്കുന്നത് വന്‍കിടക്കാര്‍ക്ക് മേലെയായിരിക്കും. അഞ്ചോ പത്തോ സെന്റ് കയ്യേറി ഒരു വീട് വെച്ചവരുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മുതല്‍ രാഷ്ട്രീയ കക്ഷിനേതാക്കളുമായും മതനേതാക്കളുമായും പരിസ്ഥിതിപ്രവര്‍ത്തകരമായും മാധ്യമപ്രതിനിധികളുമായും നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിവരിച്ചത്.

നിലവില്‍ എല്ലാവര്‍ക്കും വീട് നല്‍കാന്‍ ലൈഫുള്‍പ്പെടെയുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതിനാല്‍ ഈ നാലോ അഞ്ചോ സെന്റില്‍ വീട് വെച്ചവരുടെ വീട് പൊളിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പോകില്ല. എങ്കിലും കയ്യേറ്റങ്ങളെ കയ്യേറ്റമായി മാത്രമേ കാണൂ. പക്ഷെ വന്‍കിടക്കാരന് ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. നിയമം ലംഘിച്ച് തങ്ങള്‍ക്ക് എവിടെയും കയ്യേറാം, ഒരു വ്യവസ്ഥയും ബാധകമല്ല എന്ന് കരുതുന്നവരെ പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഭാവിയിലേക്കുള്ള ഒരു പാഠമാകും സര്‍ക്കാര്‍ നല്‍കുക. ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണ തേടിയെന്നും, തുറന്നമനസോടെ എല്ലാവരും പിന്തുണച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ഉടന്‍ തുടക്കമാകും.

പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്ല പിന്തുണയാണ് നല്‍കിയത്. മൂന്നാറില്‍ 1997ജനുവരി ഒന്നിന് മുന്‍പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ മുഴുവനാളുകള്‍ക്കും പട്ടയം കൊടുക്കാനാവശ്യമായി കര്‍മ്മപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഭാഗം മെയ് 21ന് നടക്കും. നാല്‍പത് വര്‍ഷമായി ഇവരിങ്ങനെ ജീവിക്കുന്നു, ഇനി അത് കഴിയില്ല. ഇവര്‍ക്ക് ഉടന്‍ പട്ടയം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കിലും അതിന് ശേഷമുള്ള കയ്യേറ്റങ്ങളെ സാധൂകരിക്കില്ല. തോട്ടംതൊഴിലാളികള്‍ ജീവിക്കാന്‍ യോഗ്യമല്ലാത്ത സാഹചര്യത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് വീട് വെച്ചുനല്‍കാനുള്ള അടിയന്തിര പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും.

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ പലതരത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് വെക്കണം എന്ന ഉദ്ദേശത്തോടെ മാത്രം സ്ഥലം കയ്യേറി താമസിക്കുന്നവരുണ്ട്. ഇവരെ സര്‍ക്കാര്‍ ദ്രോഹിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഭൂമി ബോധപൂര്‍വം കൈവശം വെക്കുന്നവരാണ് വന്‍കിടക്കാര്‍. ഇവര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നവരാണ്. ഇതോടൊപ്പം വ്യാജപ്പട്ടയം എന്ന പ്രശ്‌നവും മൂന്നാറിലുണ്ട്.
പട്ടയം നമ്പറിലെ പ്രശ്‌നങ്ങളും വ്യാപകമാണ്. പട്ടയം ലഭിച്ചിട്ട് അത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നവരും, ഒപ്പം മറിച്ചുവിറ്റവരുമുണ്ട്. ഇങ്ങനെ സങ്കീര്‍ണമായ മൂന്നാറിലെ ഘടനയില്‍ ഓരോ വിഭാഗത്തോടും എന്ത് സമീപനം സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ വന്‍കിടക്കാരെ തുരത്താനാണ് ആദ്യ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യോഗങ്ങളില്‍ ഉയര്‍ന്ന എല്ലാ നിര്‍ദേശങ്ങള്‍ക്കും പൊതുവേ എല്ലാവരും പിന്തുണ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കും. അതിനുതകുന്ന നിര്‍ദേശങ്ങളുമുണ്ടായി. ഈ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ വളരെ ഗൗരവമായി പരിഗണിക്കും. ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മൂന്നാറിലെ നദികള്‍ മാലിന്യമുക്തമാക്കാന്‍ കേന്ദ്രീകരിച്ച പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിന്റെ സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി ലോലപ്രദേശമാണ് മൂന്നാര്‍. ഈ പ്രത്യേകത യുനെസ്‌കോ പോലും അംഗീകരിച്ച ഒന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യവും ജലശ്രോതസുകളും സംരക്ഷിക്കപ്പെടണം. സങ്കീര്‍ണമായ ആവാസവ്യവസ്ഥയാണ് മൂന്നാറിലുള്ളത്, ഇവയെല്ലാം സംരക്ഷിക്കാനുതകുന്ന നടപടി സ്വീകരിക്കും. മൂന്നാറിന്റെ ഭാഗമായുളള വനം, തുറസായ പ്രദേശം, ശോലവനം, പുല്‍മേടുകള്‍ ഇവയെല്ലാം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മൂന്നാറിന്റെ മറ്റൊരു പ്രത്യേകത തോട്ടങ്ങളാണ്. ഇടുക്കിയുടെ ഈ വിഭവങ്ങള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. പക്ഷെ, തോട്ട ഉടമകളില്‍ ചിലര്‍ തോട്ടത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. നിയമാനുശൃതമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കും. തോട്ടത്തിന്റെ ഭാഗമായി വരുന്ന തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തിനും താമസിക്കാന്‍ സ്വന്തമായി വീടില്ല. വാസയോഗ്യമല്ലാത്ത വീടുള്ള അവര്‍ക്കെല്ലാം വീട് നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

രിസ്ഥിതി പ്രവര്‍ത്തകരും മതരപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളുമുള്‍പ്പെടെ എല്ലാവരും സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യോഗങ്ങളുടെ ഏറ്റവും വലിയ ഒരു പ്രത്യേകത നല്ല പങ്കാളിത്തമായിരുന്നു, വിളിച്ചവരെല്ലാം വന്നുവെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു ഇന്ന് രാവിലെമുതല്‍ യോഗങ്ങളെല്ലാം ചേര്‍ന്നത്.

DONT MISS
Top