സുന്ദരന്മാരില്‍ സുന്ദരന്‍, വെസ്പയ്‌ക്കൊത്ത പോരാളി; സ്‌കൂപ്പിയുമായി ഹോണ്ട ഉടനെയെത്തും

ഹോണ്ട സ്‌കൂപ്പി

ധാരാളം സ്‌കൂട്ടറുകള്‍ ഒറ്റതിരിഞ്ഞും കൂട്ടമായും വന്ന് വിപണി പിടിച്ചപ്പോള്‍ വെസ്പയുടെ രൂപഭംഗിയുള്ള ഒന്നും വിപണിയിലെത്തിയില്ല. ആ ഇറ്റാലിയല്‍ ക്ലാസിക് രൂപം അത്രമേല്‍ സുന്ദരമായിരുന്നു. ഇതിനോട് കിടപിടിക്കാന്‍ മറ്റ് വാഹന നിര്‍മാതാക്കള്‍ ശ്രമിച്ചുമില്ല. ഒരു പരിധിവരെയെങ്കിലും യമഹയുടെ ഫാസിനോ മാത്രമാണ് ക്ലാസിക് രൂപത്തില്‍ പുറത്തെത്തി മനം കവര്‍ന്നത്.

ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ രാജാക്കന്മാരായ ഹോണ്ട പല മോഡലുകളിലും സ്‌കൂട്ടര്‍ വിപണിയിലിറക്കിയെങ്കിലും ക്ലാസിക് രൂപങ്ങളില്‍നിന്നും അകന്നുനിന്നു. ആക്ടീവ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റൊന്ന് ചിന്തിക്കേണ്ട ആവശ്യം ഹോണ്ടയ്ക്ക് ഇല്ലായിരുന്നു എന്നാണ് സത്യം. ആക്ടീവയ്ക്കുപോലും ആദ്യം ഇറങ്ങിയതില്‍നിന്നും വലിയ രൂപമാറ്റം പിന്നീട് വന്നില്ല എന്നോര്‍ക്കണം.

എന്നാല്‍ ഹോണ്ട ഇപ്പോള്‍ ഒന്ന് മാറ്റിച്ചിന്തിച്ചിരിക്കുന്നു. ഇറ്റാലിയന്‍ ക്ലാസിക് രൂപമുള്ള സ്‌കൂപ്പി എന്ന മോഡലാണ് ഹോണ്ടയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലും ഇന്തോനേഷ്യയില്‍ ഇപ്പോള്‍ ലഭ്യമായ സ്‌കൂപ്പിക്ക് ഇന്ത്യയിലേക്കെത്തുമ്പോള്‍ എഞ്ചിനില്‍ മാറ്റമുണ്ടാകും. ആക്ടീവയുടെ അതേ എഞ്ചിനാകും സ്‌കൂപ്പി ഇവിടെ സ്വീകരിക്കുക.

സ്‌കൂപ്പിക്ക് 115 കിലോ ഭാരമുണ്ടാകും. ആക്ടീവയ്ക്ക് ലഭിക്കുന്നതുപോലെ 40-45 കിലോമീറ്റര്‍ മൈലേജ് നിരത്തില്‍ ഇവന് ലഭിക്കും. 70,000 രൂപയില്‍ താഴെ നിരത്തിലെത്തിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. അധികം വൈകാതെ സ്‌കൂപ്പി ഇന്ത്യന്‍ നിരത്തുകളിലൂടെ ചീറിപ്പായുമെന്നുറപ്പ്.

DONT MISS
Top