ബാഹുബലിയിലെ ഗുരുതരമായ ഈ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടി തമിഴ് സംവിധായകന്‍ രംഗത്ത്; മറുപടിയുമായി എസ്എസ് രാജമൗലിയും

ബാഹുബലിയും രാജമൌലിയും

ബ്രഹ്മാണ്ഡചിത്രം ബാഹുബലി ആയിരംകോടിയിലേക്ക് മുന്നേറികയാണ്. വര്‍ഷങ്ങളുടെ ശ്രമഫലമായി ഒരുക്കിയ ചിത്രം പിഴവുകളടച്ചാണ് എത്തിയതും. എങ്കിലും ആ സിനിമയില്‍ എന്തെങ്കിലും പിഴവുകളുണ്ടാകില്ലേ? ഇപ്പോളിതാ ‘ഗൗരവകര’മായ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവന്‍. ഇതിനോട് പ്രതികരിച്ച് രൗജമൗലിയും രംഗത്തെത്തിയിട്ടുണ്ട്.
അഞ്ച് പ്രധാന തെറ്റുകളാണ് രൗജമൗലിക്ക് മുന്നില്‍ ട്വിറ്ററിലൂടെ വിഘ്‌നേഷ് അവതരിപ്പിക്കുന്നത്. ഇവയൊക്കെയാണ് ആ പ്രധാന ‘തെറ്റു’കള്‍
1. ആ മഹാപ്രകടനം കാണാനും അനുഭവിക്കാനും 120 രൂപ മാത്രമാണ് നല്‍കിയത്. കുറച്ചുകൂടി പണം നല്‍കാന്‍ തീയറ്ററില്‍ ഒരു ഭണ്ഡാരമോ, നിര്‍മ്മാതാവിന്റെ അക്കൗണ്ട് നമ്പറോ വിലാസമോ എങ്കിലും നല്‍കാമായിരുന്നു
2. സിനിമയുടെ ദൈര്‍ഘ്യം വളരെ കുറവാണ്. മൂന്ന് മണിക്കൂര്‍ കൊണ്ട് ആ മഹാ അനുഭവം അവസാനിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല
3. എല്ലാ കാര്യത്തിലും വളരെ വിശദമായ പെര്‍ഫക്ഷനുണ്ട്. ഇത് എല്ലാ സംവിധായകരുടെയും ആത്മവിശ്വാസത്തെയും, തലക്കനത്തെയും, അവനവന്റെ സിനിമയെക്കുറിച്ചുള്ള ധാരണകളും തകര്‍ക്കുന്നതാണ്.
4. ഇത് ഒരിക്കലും കണ്‍ക്ലൂഷനാകാന്‍ പാടില്ല. ഒരു പത്ത് ഭാഗം കൂടി ഉള്‍പ്പെടുത്തിയാലും(ഇന്‍ക്ലൂഷന്‍) ഇതേവികാരം നമുക്ക് നല്‍കും. ഭാവിയിലും ഉതേ അദ്ഭുതങ്ങള്‍ സ്‌ക്രീനില്‍ പ്രതീക്ഷിക്കുന്നുവെന്ന വികാരം.
5. കഷ്ടപ്പാടാണ് ഇനി മുന്നിലുള്ളത്. മറികടക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു കടമ്പയാണ് ഒരുക്കിയത്. ഇന്ത്യന്‍ സിനിമയില്‍ എത്രവര്‍ഷമെടുത്താണ് ഈ റെക്കോര്‍ഡുകളൊക്കെ തകര്‍ക്കപ്പെടുകയെന്ന് അറിയില്ല.

വിഘ്‌നേഷിന്റെ ഈ തെറ്റുചൂണ്ടിക്കാട്ടലിനോട് പ്രതികരിച്ച് രാജമൗലിയും എത്തിയിട്ടുണ്ട്. ചിരിച്ചുകൊണ്ട് വിഘ്‌നേഷിന് രാജമൗലി നന്ദി പറയുന്നതാണ് ട്വീറ്റ്. വേലയില്ലാ പട്ടത്തിരി പോലെയുള്ള ഹിറ്റ് സിനിമകളുടെ സംവിധായകനാണ് വിഘ്നേഷ്

ആദ്യ എട്ട് ദിവസംകൊണ്ട് 860 കോടിയോളം രൂപയാണ് ബാഹുബലി നേടിയത്. 250 കോടി ചിലവിലാണ് സിനിമ ഒരുക്കിയത്. ആയിരം കോടി ബോക്‌സ് ഓഫീസില്‍ ഉടന്‍ മറികടക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ബാഹുബലിക്ക് മൂന്നാംഭാഗവും ഒരുങ്ങുമെന്ന് രാജമൗലി വെളിപ്പെടുത്തിയതും പുതിയ വിശേഷമാണ്.

ലോകപ്രശസ്തമായ വെറൈറ്റി വാരികയ്ക്ക് സിനിമയുടെ സംവിധായകന്‍ എസ്എസ് രാജമൗലി നല്‍കിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തിലാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വെളിപ്പെടുത്തലുളളത്. ‘നമുക്കൊരു വിപണിയുണ്ട്, നമ്മളാ വിപണിക്ക് വേണ്ടി സിനിമയുണ്ടാക്കുന്നു. എന്നാല്‍ അത്ര സിനിമയാക്കണമെന്ന് നമ്മെ നിര്‍ബന്ധിക്കുന്ന സുന്ദരമായ ഒരു സ്‌ക്രിപ്റ്റിലല്ല ആ സിനിമ കെട്ടിപ്പൊക്കുന്നതെങ്കില്‍ അത് സത്യസന്ധമായ ചലച്ചിത്രപ്രവര്‍ത്തനമാകില്ല. എന്റെ അച്ഛന്‍ മുന്‍പ് ചെയ്തതുപോലെ വീണ്ടും അത്തരം സുന്ദരമൊരു കഥയുമായി വരുമോയെന്ന് ആര്‍ക്കറിയാം. ആ കഥയില്‍ നിലവിലെ ബാഹുബലി സിനിമയ്ക്ക് അവസാനമില്ലെങ്കില്‍, നമുക്ക് നിര്‍മ്മിക്കാമല്ലോ’ വെറൈറ്റിയോട് രാജമൗലി പ്രതികരിച്ചതിങ്ങനെ. ബാഹുബലിയുടെ കഥയെഴുതിയത് രൗജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ്. വിജയേന്ദ്രപ്രസാദ് ബാഹുബലിക്കായി വീണ്ടും പേന പിടിച്ചാല്‍ ബാഹുബലിക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ചുരുക്കം. ലണ്ടനിലാണ് രാജമൗലി അഭിമുഖം നല്‍കിയത്. എന്തായാലും ലോകസിനിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ബാഹുബലി തേരോട്ടം തുടരുകയാണ്.

DONT MISS
Top