ബാഹുബലിക്ക് മൂന്നാംഭാഗവും വരുമെന്ന് രാജമൗലി; തന്റെ മഹാഭാരതത്തിന് പത്തുവര്‍ഷം കൂടി കാത്തിരിക്കണം

ബാഹുബലിയും രാജമൌലിയും

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. പലരും ആ ചോദ്യത്തിന് ഉത്തരം കണ്ടുകഴിഞ്ഞു. രണ്ടാംഭാഗം ആയിരം കോടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുന്ന രംഗത്തിലാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിക്കുന്നതും. ബാഹുബലിയുടെ രണ്ടാം ഭാഗത്തോടെ ഇന്ത്യന്‍ സിനിമയുടെ ആ പുത്തന്‍ ചലച്ചിത്ര ചരിത്രത്തിന് തിരശീല വീഴുകയും ചെയ്തു. അങ്ങനെ പൂര്‍ണമായും പറഞ്ഞ് അവസാനിപ്പിക്കാന്‍ വരട്ടെ. ബാഹുബലിക്ക് മൂന്നാംഭാഗവും വരാന്‍ സാധ്യതയുണ്ടെന്നാണ് രാജമൗലി പറയുന്നത്, പക്ഷെ സാഹചര്യങ്ങള്‍ ഇങ്ങനെയാകണമെന്ന് മാത്രം.

ലോകപ്രശസ്തമായ വെറൈറ്റി വാരികയ്ക്ക് സിനിമയുടെ സംവിധായകന്‍ എസ്എസ് രാജമൗലി നല്‍കിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തിലാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വെളിപ്പെടുത്തലുളളത്. ‘നമുക്കൊരു വിപണിയുണ്ട്, നമ്മളാ വിപണിക്ക് വേണ്ടി സിനിമയുണ്ടാക്കുന്നു. എന്നാല്‍ അത്ര സിനിമയാക്കണമെന്ന് നമ്മെ നിര്‍ബന്ധിക്കുന്ന സുന്ദരമായ ഒരു സ്‌ക്രിപ്റ്റിലല്ല ആ സിനിമ കെട്ടിപ്പൊക്കുന്നതെങ്കില്‍ അത് സത്യസന്ധമായ ചലച്ചിത്രപ്രവര്‍ത്തനമാകില്ല. എന്റെ അച്ഛന്‍ മുന്‍പ് ചെയ്തതുപോലെ വീണ്ടും അത്തരം സുന്ദരമൊരു കഥയുമായി വരുമോയെന്ന് ആര്‍ക്കറിയാം. ആ കഥയില്‍ നിലവിലെ ബാഹുബലി സിനിമയ്ക്ക് അവസാനമില്ലെങ്കില്‍, നമുക്ക് നിര്‍മ്മിക്കാമല്ലോ’ വെറൈറ്റിയോട് രാജമൗലി പ്രതികരിച്ചതിങ്ങനെ. ബാഹുബലിയുടെ കഥയെഴുതിയത് രൗജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ്. സല്‍മാന്‍ഖാന്റെ ബജ്രംഗീ ഭായ്ജാന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് കഥയെഴുതിയ വിജയേന്ദ്രപ്രസാദ് തന്നെയാണ് ഈച്ചയും മഗധീരയും പോലുള്ള രാജമൗലിയുടെ ഹിറ്റ് സിനിമകളുടെയും കഥാകൃത്ത്. വിജയേന്ദ്രപ്രസാദ് ബാഹുബലിക്കായി വീണ്ടും പേന പിടിച്ചാല്‍ ബാഹുബലിക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ചുരുക്കം. ലണ്ടനിലാണ് രാജമൗലി അഭിമുഖം നല്‍കിയത്.

അതേസമയം ഇക്കാര്യം രാജമൗലി മുന്‍പ് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. നിലവിലെ കഥ രണ്ടാം ഭാഗം കൊണ്ട് അവസാനിപ്പിക്കും. അതിനിയും നീട്ടാനാകില്ല. പക്ഷെ, ബാഹുബലി സീരീസ് അവിടെ അവസാനിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. മൂന്നാംഭാഗവുമുണ്ട് സിനിമയ്ക്ക്. അത് ഇന്നോളം ലോകത്തെ ചലച്ചിത്രാസ്വാദകര്‍ അനുഭവിച്ചിട്ടില്ലാത്ത നിലയിലുള്ള ഒരു അദ്ഭുത സിനിമയായിരിക്കുമെന്നാണ് മുന്‍പ് തന്നെ രാജമൗലി ട്വിറ്ററില്‍ പ്രതികരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2015 ഒക്ടോബര്‍ 25ന്. മുന്‍ ട്വീറ്റുകളും, ഇപ്പോള്‍ ലണ്ടനില്‍ നല്‍കിയ അഭിമുഖത്തെ ഈ ട്വീറ്റുകളുമായി കൂട്ടിവായിക്കുകയാണ് പ്രേക്ഷകര്‍. അത്തരത്തിലൊരു കഥയൊരുക്കാന്‍ വിജയേന്ദ്രപ്രസാദ് തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്. എന്നാല്‍ മൂന്നാംഭാഗത്തിനുള്ള ആലോചനകള്‍ സജീവമാണെന്നാണ് വാര്‍ത്തകള്‍.

ബാഹുബലിയുടെ കഥയില്‍ വിവിധ വെല്ലുവിളികളുണ്ടായിരുന്നെങ്കിലും, കഥയും കഥാപാത്രങ്ങളും തന്നെ തങ്ങള്‍ക്ക് വഴികാട്ടിയെന്നും അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു. ഒരു മേഖലയില്‍ മാത്രം വിപണിയുണ്ടാക്കുക ബുദ്ധിമുട്ടാണ്. അങ്ങനെ പരിമിതപ്പെടുത്തുന്നതിന് പകരം വിപണി വിപുലമാക്കാന്‍, തങ്ങള്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ, ഇപ്പോള്‍ വിപണിയും ആരാധകരും വിസ്തൃതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പണം പ്രതീക്ഷിച്ചിരുന്നില്ല. പണം മാത്രമല്ല, വലിയ പ്രോത്സാഹനവും, അഭിനന്ദനവും, വന്യവും ഭ്രാന്തവുമായ വികാരങ്ങളുമാണ് ലഭിക്കുന്നത്. അതും വളരെ പെട്ടന്ന് തന്നെ. ഉടന്‍ തന്നെ അടുത്ത സിനിമ ആരംഭിക്കുകയാണെന്ന വാര്‍ത്തകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തില്‍ ഒരു പ്രൊജക്ടും നിലവിലില്ല. മഹാഭാരതമൊഴികെയുള്ള ഒരു സിനിമയും ഇപ്പോള്‍ മനസിലില്ല. മഹാഭാരതം പക്ഷെ ഒരു പത്തുവര്‍ഷത്തിന് ശേഷമാകും ഒരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ വിപണി വിപുലമാക്കുന്നതിനെക്കുറിച്ച് തന്നെയാണ് നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയാ വര്‍ക്‌സിനും പറയാനുണ്ടായിരുന്നത്. തായ്വാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ബാഹുബലി കണ്‍ക്ലൂഷന്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ബാഹുബലി ഒന്നാംഭാഗം ഇവിടങ്ങളില്‍ കാര്യാമായി ഒന്നും നേടിയിരുന്നില്ല. അതിന് ശേഷം ദക്ഷിണ അമേരിക്കയിലേക്കും വിപണി വ്യാപിപ്പിക്കുമെന്നും ആര്‍ക്കയുടെ ഷോബു യര്‍ലാഗഢ വ്യക്തമാക്കി. ബാഹുബലിയുടെ ആദ്യ പതിപ്പ് നേടിയ കളക്ഷന്‍ റെക്കോര്‍ഡ് ആദ്യ അഞ്ച് ദിവസങ്ങള്‍കൊണ്ട് തന്നെ ബാഹുബലി കണ്‍ക്ലൂഷന്‍ മറികടന്നിരുന്നു. നിലവില്‍ ആയിരം കോടിയിലേക്കാണ് ബാഹുബലി കണ്‍ക്ലൂഷന്റെ കുതിപ്പ്. എന്തായാലും അച്ഛനും മോനും ചേര്‍ന്ന് മൂന്നാമത് സിനിമയൊരുക്കുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകരില്‍ ഒരുഭാഗം, ബാക്കിയുള്ളവര്‍ ഇപ്പോളും രണ്ടാമത് സിനിമ കാണാനുള്ള ക്യൂവിലാണ്…..

ബാഹുബലിയുടെ ആദ്യഭാഗം സിനിമ കാണാം

DONT MISS
Top