സര്‍ക്കാര്‍ വാചകകസര്‍ത്ത് അവസാനിപ്പിച്ച് പാകിസ്താനെ തകര്‍ക്കണമെന്ന് ശിവസേന

പ്രതീകാത്മക ചിത്രം

മുംബൈ: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ക്രൂരമായി നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. പാകിസ്താന്‍ എതിരെയുള്ള പ്രതിഷേധം പ്രസംഗത്തിലൂടെ മാത്രമല്ല മറിച്ച് അവരുടെ സൈനിക സംഘത്തെ തകര്‍ത്തുകൊണ്ട് വേണം പ്രകടമാക്കേണ്ടത് എന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നത്.

26/11 മുംബൈ സ്‌ഫോടനം, പത്താന്‍ക്കോട്ട് ആക്രമണം, ഉറി ആക്രമണം, മുതല്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തെ ക്രൂരമായി നശിപ്പിച്ച സംഭവങ്ങളില്‍ വരെ ഇന്ത്യ എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് പാകിസ്താന്‍ സര്‍ക്കാരിന്റെ
നിരുത്തരവാദിത്വമാണെന്നും സാമ്‌ന കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ഐഎസ്‌ഐയുടെയും, പാകിസ്താന്‍ സൈന്യത്തിന്റെയും പ്രോല്‍സാഹനത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്നുള്ളത് പരസ്യമായ രഹസ്യമാണെന്നും, ഇത് വച്ചു പൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും സാമ്‌ന അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്രയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോളും പാകിസ്താന്‍ ഹൈകമ്മീഷ്ണര്‍ അബ്ദുല്‍ ബാസിതിന് മുന്നില്‍ തെളിവുകള്‍ സമര്‍പ്പിച്ചതിന് ശേഷം താക്കീത് മാത്രം നല്‍കുന്നതാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പതിവെന്നും സാമ്‌നയില്‍ പറയുന്നുണ്ട്.

പാകിസ്താന് എതിരെ തിരിച്ചടിക്കുമെന്നുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വാഗ്ദാനം കേട്ട് ജനങ്ങള്‍ മടുത്തുവെന്നും, ശാസനയ്ക്കും, താക്കീതിനുമപ്പുറം പാകിസ്താനെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും സാമ്‌ന ചൂണ്ടിക്കാട്ടി. കുറഞ്ഞത് 50 പാകിസ്താനി സൈനികരുടെ തലകളാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കിയാണ് സാമ്‌നയുടെ എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

DONT MISS
Top