സിപിഎം മറന്നുവെങ്കില്‍ സിഐഎ ഓര്‍മ്മിപ്പിക്കുന്നു; പാലാക്കാരന്‍ കോഴമന്ത്രിക്കെതിരെയുള്ള സമരവുമായി സഖാവ് ദുല്‍ഖറും സഖാവ് അമല്‍നീരദും

ദുല്‍ഖറും മാണിയും അമല്‍നീരദും

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് സിപിഐഎം പിന്തുണ നല്‍കിയത് വലിയ ചര്‍ച്ചാവിഷയമാണിന്ന്. ബാര്‍കോഴ കേസില്‍ മാണിയ്‌ക്കെതിരെ പ്രക്ഷോഭപരമ്പരകള്‍ സൃഷ്ടിച്ച സിപിഐഎമ്മിന് എങ്ങനെ ഇത് ചെയ്യാനായിയെന്ന ചോദ്യം നവമാധ്യമങ്ങളിലും പൊതുരംഗത്തും ഉയര്‍ന്നുകഴിഞ്ഞു. ബജറ്റ് അവതരണദൃശ്യങ്ങളും, പ്രക്ഷോഭത്തിനിടെ സിപിഐഎമ്മുകാര്‍ക്ക് മര്‍ദനമേല്‍ക്കുന്ന ചിത്രങ്ങളുമെല്ലാം എതിരാളികള്‍ തന്നെ പോസ്റ്റ് ചെയ്യുന്നുമുണ്ട്. എന്റെ വക അഞ്ഞൂറ് ക്യാമ്പയിന്റെ പേരില്‍ ആഷിഖ് അബു പോലും കടന്നാക്രമിക്കപ്പെട്ടു. അപ്പോളാണ് പഴയ എസ്എഫ്‌ഐക്കാരനായ അമല്‍നീരദ് സംവിധാനം ചെയ്ത സിഐഎ പുറത്തിറങ്ങുന്നത്. ബാര്‍ കോഴയ്ക്ക് ശേഷം ഈ കഴിഞ്ഞയാഴ്ചയില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ആരും കരുതിയില്ലല്ലോ? അമല്‍ നീരദിന്റെ സിനിമയിലെ നായകകഥാപാത്രമുള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് ചുണക്കുട്ടന്മാര്‍, ട്രംപിനൊപ്പമുള്ള അനീതിയുടെ മൂര്‍ത്തിയായാണ് സിനിമയില്‍ കോഴവാങ്ങുന്ന കോരസാറിനെ അവതരിപ്പിക്കുന്നത്.

കേരളാ കോണ്‍ഗ്രസുകാരന്‍, ധനമന്ത്രി, കോഴവാങ്ങിയെന്ന് ആരോപണം നേരിടുന്നയാള്‍, സര്‍വോപരി പാലാക്കാരന്‍.. സിനിമയില്‍ പേര് കോരസാറെന്നായാലും ഉദ്ദേശിച്ചത് ആരെയെന്ന് പ്രത്യേകം പറയേണ്ടല്ലോ. അങ്ങനെ ആ കോഴക്കോരസാറിനെ തേച്ച് ഒട്ടിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. കോരയ്ക്ക് പള്ളിയില്‍ പോകാനായി സമരം ചെയ്യുന്ന സിപിഐഎമ്മുകാരെയും ഡിവൈഎഫ്‌ഐക്കാരെയും പൊലീസ് അടിച്ചോടുന്നിടത്ത് തന്നെയാണ് സിനിമ ആരംഭിക്കുന്നത് തന്നെ. അവിടെ പൊലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുതന്നെയാണ് നായകന്റെ മാസ് എന്‍ട്രിയും. പൊലീസിനെ മറികടന്ന് മുന്നോട്ടുനീങ്ങുന്ന ഹീറോയിസത്തിലാണ് അമല്‍ നീരദിന്റെ പേര് പോലും എഴുതിക്കാട്ടുന്നതും.

സീസറിന്റെ ഭാര്യ സംശയത്തിനതീതയാകണമെന്ന വിഖ്യാത കോടതി വിധി പോലുമുണ്ട് സിനിമയില്‍. അതേതാ ഈ സീസറെന്നും, അങ്‌ങേരുടെ ഭാര്യയും മാണിസാറും തമ്മിലെന്താ എന്നും വരെ ചോദിക്കുന്ന അണികളാല്‍ സമ്പന്നമാണ് സിനിമയിലെ ഈ പാലാ കോണ്‍ഗ്രസ്. നാട്ടുകാരെത്ര രാജിക്ക് മുറവിളി കൂട്ടിയാലും രാജിവെക്കില്ല കോരസാര്‍. അതിന് കൃത്യമായകാരണവുമുണ്ട്. മന്ത്രിയല്ലാതായാല്‍ തനിക്ക് ചായയിട്ടുതരാന്‍ പോലും ആരും കാണില്ലെന്ന് അയാള്‍ക്ക് ബോധ്യമുണ്ട്. അപ്പോള്‍ മരിച്ചാല്‍ മനോരമയുടെ ചരമക്കോളത്തിലെ ഒരു കോളം വാര്‍ത്ത മാത്രമാകും താനെന്നും കോരസാര്‍ പറയുന്നു. ഇനി, മന്ത്രിയായി മരിച്ചാലോ, എല്ലാ പത്രത്തിന്റെയും ഒന്നാംപേജില്‍ എട്ടുകോളം വാര്‍ത്ത വരുമെന്ന കാരണവും വിവരിക്കുന്നു സിനിമയില്‍. മീറ്ററിന് നാലായിരം രൂപ വിലയുള്ള ലിനന്റെ ഷര്‍ട്ടടിച്ച് ഗാന്ധി ചമയുന്നവരോട് പോരാടുന്നതാണ് തന്റെ രാഷ്ട്രീയമെന്ന് നായകനായ ആജീപ്പന്‍ പ്രഖ്യാപിക്കുന്നുമുണ്ട്.

ചുരുക്കത്തില്‍ ആദ്യപകുതിയില്‍ ഉടനീളം പാലാക്കാരനായ ആ കോഴക്കാരന്‍ ധനകാര്യമന്ത്രിയും, അയാള്‍ക്കെതിരെ കമ്യൂണിസ്റ്റുകാരായ അജിയുടെയും ഹരിയുടെയും ജോമോന്റെയും നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് വിവരിക്കുന്നത്. പക്ഷെ, സിനിമ പുറത്തിറങ്ങുമ്പോള്‍, അജിയുടെ കൊടിപിടിക്കുന്ന കോട്ടയത്തെ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ അതേകോരസാറിന്റെ അനുയായിക്ക് വോട്ട് കുത്തിയിരിക്കുകയാണ്. എന്ത് അടവുനയം പറഞ്ഞാലും തീയറ്ററില്‍ ചുവന്നകൊടി കാണുമ്പോളെല്ലാം കയ്യടിച്ചവര്‍ പലരും അടക്കം പറഞ്ഞതും ഇതുതന്നെ.

കെഎം മാണിയെന്ന രാഷ്ട്രീയനേതാവ് ധനമന്ത്രിയെന്ന നിലയില്‍ നടത്തിയ അഴിമതിക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയ പോരാട്ടങ്ങളും, അതിനെ പൊലീസും ഭരണവും നേരിട്ട രീതിയും അടയാളപ്പെടുത്തുന്നു കോംറേഡ് ഇന്‍ അമേരിക്ക. പോരാട്ടവീര്യങ്ങള്‍ ചിത്രീകരിക്കുമ്പോളും സിനിമയായി ഒരുക്കുമ്പോളും കോരസാര്‍ അജിയുടെ മറുപക്ഷത്തുമായിരുന്നു. പക്ഷെ, സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുമ്പോളേക്കും കോരസാറിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് അജിമാരിപ്പോള്‍. സിനിമയൊരുക്കുമ്പോള്‍ ഇത്തരത്തിലൊരു ഉദ്ദേശമുണ്ടായില്ലെങ്കില്‍ കൂടി, അമല്‍നീരദും ദുല്‍ഖറും സിഐഎയും സിപിഐഎമ്മിനെ ചിലത് ഓര്‍മ്മിപ്പിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല.

DONT MISS
Top