സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം; ജിസാറ്റ് 9 ഇന്ന് വിക്ഷേപിക്കും

പ്രതീകാത്മക ചിത്രം

ശ്രീഹരിക്കോട്ട: സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം സൗത്ത് ഏഷ്യന്‍ ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കും.  വൈകീട്ട് അഞ്ച് മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഉപഗ്രഹത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സാര്‍ക്കിലെ പാകിസ്താന്‍ ഒഴികെയുള്ള 7 അംഗരാജ്യങ്ങല്‍ പര്‌സപരം പങ്കുവക്കും. ദക്ഷിണേഷ്യയിലെ മുഴുവന്‍ രാജ്യങ്ങളുമായുള്ള സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ഈ രംഗത്ത് ചൈനയെ കവച്ചു വക്കുക എന്ന ഉദ്ദേശ്യവും ഇന്ത്യക്കുണ്ട്.

വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേക്ഷണം, ഡിടിഎച്ച്, വിദ്യാഭ്യാസം, ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ്-9. വാര്‍ത്താവിതരണത്തിനൊപ്പം പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള മുന്നിറിയിപ്പും ഉപഗ്രഹം നല്‍കും. ഏകദേശം 2250 കിലോയാണ് ഇതിന്റെ ഭാരം. നിര്‍മ്മാണ ചെലവായ 235 കോടി രൂപ വഹിക്കുന്നത് ഇന്ത്യയാണ്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

ബഹിരാകാശ രംഗത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടയിലാണ് 2014ല്‍ കാഠ്മണ്ഡുവിലെ സാര്‍ക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം എന്ന നിലയിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി ആ വാഗ്ദാനമാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്.

DONT MISS
Top