ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ഇന്ത്യയുടെ അഭിമാനമായി ജിസാറ്റ്-9 നാളെ ഭ്രമണപഥത്തിലെത്തും

ഐഎസ്ആര്‍ഒയില്‍ തയാറാകുന്ന ദക്ഷിണേഷ്യന്‍ ഉപഗ്രഹം

ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ 28 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയില്‍നിന്നാണ് വിക്ഷേപണം. ഇതിലൂടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് പൊതുവായി ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാന മന്ത്രിയുടെ വാഗ്ദാനമാണ് പൂര്‍ത്തിയാകുന്നത്. ജിസാറ്റ്9 എന്ന ഉപഗ്രഹം ഈ മാസം 5ന് വിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തിലൂടെയാണ്’ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന ചുവടാണിതെന്ന് മോദി റേഡിയോ പരിപാടിയില്‍ പറഞ്ഞു. വിലമതിക്കാനാവാത്ത സമ്മാനമാണിത്. ദക്ഷിണേഷ്യയോട് ഇന്ത്യയ്ക്കുള്ള പ്രതിബദ്ധതയുടെ ഉദാത്തമായ ഉദാഹരണമായി ഇതിനെ കാണാം. ഈ ചരിത്രനേട്ടത്തിലേക്ക് ഏഷ്യന്‍ രാജ്യങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

2014ല്‍ കാഠ്മണ്ഡുവില്‍വച്ച് നടന്ന സാര്‍ക് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. സാര്‍ക്ക് സാറ്റലൈറ്റ് എന്നാണ് ആദ്യം ഇട്ടിരുന്ന പേര് എങ്കിലും പിന്നീട് പാകിസ്ഥാന്‍ പിന്‍മാറി. അതോടെ പദ്ധതിയുടെ പേര് സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് എന്ന് മാറ്റുകയുണ്ടായി.

ജിഎസ്എല്‍വി എഫ്09 ഉപയോഗിച്ചാണ് ജിസാറ്റ്9 ഭ്രമണപഥത്തിലെത്തിക്കുക. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താവിനിമയത്തിനും പ്രകൃതി ദുരന്തങ്ങളേക്കുറിച്ചുള്ള മുന്നറിയിപ്പ്, ടെലി മെഡിസിന്‍ എന്നിവയ്ക്കും ഒരു വ്യാഴവട്ടക്കാലമെങ്കിലും ഈ ഉപഗ്രഹത്തെ ആശ്രയിക്കാം. ലഭിക്കുന്ന വിവരങ്ങള്‍ എല്ലാ രാജ്യങ്ങളുടേയും പൊതുവായതായിരിക്കുന്നതിനാല്‍ പരസ്പരം പങ്കുവയ്ക്കുകയും വേണം.

DONT MISS
Top