സ്മാര്‍ട്രോണിന്റെ എസ്ആര്‍ടി ഫോണ്‍ എത്തി; കളത്തിലെ ഏറ്റവും മികച്ചത്, സച്ചിനേപ്പോലെതന്നെ!

നേരത്തെ പ്രഖ്യാപിച്ചതുപോലെ മെയ് മൂന്നിനുതന്നെ സ്മാര്‍ട്രോണ്‍ പുതിയ മൊബൈല്‍ ഫോണുമായെത്തി. എസ്ആര്‍ടി ഫോണ്‍ എന്നാണ് ഈ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ സ്‌പെഷ്യല്‍ ഫോണിന്റെ പേര്. കമ്പനിയുടെ ബ്രാന്റ് അംബാസിഡറും ഓഹരിയുടെമയുമായ സച്ചിനാണ് ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഫോണ്‍ പ്രകാശനം ചെയ്തത്.

ഫോണിന് ഈ വിലയില്‍ നിലവില്‍ ലഭിക്കുന്ന മറ്റ് ഫോണുകളുമായി നേരിട്ട് മുട്ടാനാകുന്ന തരത്തിലുള്ള ഫീച്ചേഴ്‌സാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 12,999 ഉം 13,999 വിലയുള്ള രണ്ട് മോഡലുകളാണ് എസ്ആര്‍ടി ഫോണിനുള്ളത്. യഥാക്രമം 32 ജിബിയും 64 ജിബിയും ആന്തരിക സംഭരണ ശേഷിയാണ് ഇരു മോഡലുകള്‍ക്കുമുള്ളത്. മറ്റെല്ലാ ഫീച്ചറുകളും ഇരു മോഡലുകളും ഒരുപോലെയാണ്.

ആന്‍ഡ്രോയ്ഡ് നൂഗട്ട് അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണ്‍ രണ്ട് സിമ്മുകള്‍ പിന്തുണയ്ക്കും. മൈക്രോസിമ്മുകള്‍ രണ്ടെണ്ണത്തിനും 4ജി വിഒഎല്‍ടിഇ സൗകര്യം ലഭിക്കും. 5.5 ഫുള്‍ എച്ച്ഡി ഡ്‌സ്‌പ്ലേ ഉള്ള ഫോണിന് 1.85 GHz ഒക്ടാക്കോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 സിസ്റ്റം ഓണ്‍ എ ചിപ്പ് പ്രൊസസ്സറാണ്. 4ജിബി റാമും ഇതിനൊടൊപ്പം ചേരുമ്പോള്‍ ഫോണിന് കരുത്ത് കൂടും.

പിന്നില്‍ 13മെഗാപിക്‌സലും മുന്നില്‍ 5മെഗാ പിക്‌സലുമാണ് ക്യാമറ. ടൈപ്പ് സി യുഎസ്ബി പോര്‍ട്ടാണ് ഫോണിലുളളത്. ആക്‌സിലറോമീറ്ററും ആംബിയന്റ് ലൈറ്റ് സെന്‍സറും ഗൈറോസ്‌കോപ്പും മാഗ്നെറ്റോമീറ്ററും പ്രോക്‌സിമിറ്റി സെന്‍സറും ഫോണിലുണ്ട്. 3000mAh ബാറ്ററിയും ക്വിക്ക് ചാര്‍ജ് 2.0 ഉം ഫോണിനെ ദീര്‍ഘനേരം പ്രവര്‍ത്തനസജ്ജമാക്കും. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തിക്കഴിഞ്ഞു.

ഇന്ത്യയില്‍ത്തന്നെയാണ് ഫോണിന്റെ രൂപകല്‍പനയും നിര്‍മാണവും നടന്നിട്ടുള്ളത്. ഇന്ത്യക്കാര്‍ക്ക് അഭിമാനകരമായ രീതിയില്‍ ഗുണമേന്മ എസ്ആര്‍ടി ഫോണിന്റെ നിര്‍മാതാക്കളുടെ ഉറപ്പും. ഗുണമേന്‍മ ഉറപ്പാക്കണമെന്ന് നിര്‍മാതാക്കളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി സച്ചിന്‍തന്നെ ഫോണ്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.

കമ്പനി നേരത്തേ ഇറക്കിയ ടാബ്-ലാപിനും സ്മാര്‍ട്ട് ഫോണിനും വില കൂടുതലാണെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു പരാതിക്കും ഇടവരുത്താതെയാണ് കമ്പനി നീങ്ങിയത്. ഷവോമിയുടെയോ ലെനോവയുടേയോ ഏതൊരു ഫോണിനേയും പോലുളള വിലയേ എസ്ആര്‍ടി ഫോണിനുമുള്ളൂ. എന്നാലിത് ഇന്ത്യയുടെ ഉത്പ്പന്നമാണ് എന്നത് വില്‍പനയില്‍ സഹായകമാകും.

DONT MISS
Top