അര്‍ദ്ധരാത്രിയില്‍ പണിമുടക്കി വാട്ട്‌സാപ്പ്; വലഞ്ഞ് ഉപഭോക്താക്കള്‍

ഇന്ന് ഏവരുടേയും ആശയ വിനിമയ ഉപാധിയാണ് വാട്ട്‌സാപ്പ്. ഏറെപ്പേരും തങ്ങളുടെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും ഇന്ന് ചെലവഴിക്കുന്നത് വാട്ട്‌സാപ്പിലാണ്. ഏകദേശം ഒരു ബില്യണ്‍ ആളുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ആപ്പ് ഒന്ന് പണിമുടക്കിയാലോ.. അത് ആലോചിക്കാനേ സാധിക്കില്ല.

എന്നാല്‍ അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. പാതിരാത്രിയിലാണ് വാട്ട്‌സാപ്പ് പണിമുടക്കിയത്. അതും ഏകദേശം രണ്ട് മണിക്കൂറോളം. എന്തായാലും പ്രശ്‌നം മനസിലാക്കി അധികൃതര്‍ അത് പരിഹരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ കാരണം വിശദമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

കുറച്ച് പേര്‍ക്ക് വാട്ട്‌സാപ്പിന്റെ പണിമുടക്ക് പണിയായി. ഇവര്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയകള്‍ വഴി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. വാട്ട്‌സാപ്പ്ഔട്ടേജ്, വാട്ട്‌സാപ്പ്ഈസ്ഡൗണ്‍, വാട്ട്‌സാപ്പ്ഡൗണ്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഇന്ത്യ, കാനഡ, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് വാട്ട്‌സാപ്പ് പണിമുടക്കിയത്. ഇന്ന് പ്രാഥമികമായി എന്ത് വിവരങ്ങളും കൈമാറുന്നതിന് ആളുകളുടെ ആശ്രയം വാട്ട്‌സാപ്പാണ്. അതിനാല്‍ത്തന്നെ ഈ സേവനം ലഭിക്കാതെ വന്നാല്‍ അത് കുറച്ചൊന്നുമല്ല ജനങ്ങളെ ബാധിക്കുക.

വാട്ട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുമായിരുന്നെങ്കിലും മറ്റ് സേവനങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ അയയ്ക്കാനോ സ്വീകരിക്കുവാനോ ഈ സമയത്ത് കഴിഞ്ഞിരുന്നില്ല. വോയിസ്, വീഡിയോ കോളും സാധ്യമായിരുന്നില്ല. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയെങ്കിലും അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. “ഞങ്ങള്‍ ഇപ്പോള്‍ സാങ്കേതികമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. സേവനം എത്രയും വേഗം പുന:സ്ഥാപിക്കുന്നതിന് ഞങ്ങളുടെ ടീം പരിശ്രമിക്കുകയാണ്. നിങ്ങളുടെ ക്ഷമയെഞങ്ങള്‍ മാനിക്കുന്നു”. പ്രസ്താവനയില്‍ പറയുന്നു.

DONT MISS
Top