സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി: ജപ്പാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; മന്‍ദീപിന് ഹാട്രിക്

ഇപോ: മുന്നേറ്റ താരം മന്‍ദീപ് സിംഗിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ജപ്പാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗോള്‍ മഴ കണ്ട മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

രണ്ട് തവണ പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ജപ്പാനെതിരെ കളത്തിലിറങ്ങിയത്. എട്ടാം മിനിട്ടില്‍ രൂപീന്ദര്‍ പാലിലൂടെ ഇന്ത്യ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. എന്നാല്‍ അഞ്ച് മിനിട്ടിന് ശേഷം കസുമ മുറാത്തയിലൂടെ തിരിച്ചടിച്ച് ജപ്പാന്‍ സമനില നേടി.

രണ്ടാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും അലസമായ കളിയാണ് കാഴ്ചവെച്ചത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ജപ്പാന്റെ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്കായില്ല. നാല്‍പ്പത്തിമൂന്നാം മിനിട്ടില്‍ ജപ്പാന്‍ ലക്ഷ്യം കണ്ടു. കോര്‍ട്ടിന്റെ മധ്യത്തില്‍നിന്നും പന്തുമായി മുന്നേറിയ ഹെയ്ത യോഷിഹാര പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ വെച്ച് നീട്ടിയടിച്ച പന്ത് ഗോള്‍കീപ്പര്‍ ആകാശ് ചിക്തെയെ മറികടന്ന് വലയിലെത്തി. എന്നാല്‍ വെറും രണ്ട് മിനിട്ടിനുള്ളില്‍ മന്‍ദീപിലൂടെ ഇന്ത്യ സമനില നേടി.

വീണ്ടും ഇന്ത്യയെ ഞെട്ടിച്ച് മുന്നിലെത്തിയ ജപ്പാന്‍ കളി ആവേശത്തിലാക്കി. ഗെന്‍കി മിതാനിയാണ് ഇത്തവണ ഇന്ത്യന്‍ വല കുലുക്കിയത്. ഇതോടെ ഉണര്‍ന്ന് കളിച്ച ഇന്ത്യ കളി വരുതിയിലാക്കി. മത്സരത്തിന്റെ 51, 58 മിനിട്ടുകളില്‍ ജപ്പാന്‍ വല കുലുക്കി മന്‍ദീപ് ഹാട്രിക്കും ഇന്ത്യയുടെ വിജയവും സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ നാലുമത്സരങ്ങളില്‍ രണ്ടാം വിജമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യ മത്സരത്തില്‍ ബ്രിട്ടനോട് സമനില (2-2) വങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു (3-0). എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ ഓസീസിനോട് 3-1 ന് തോല്‍വി പിണഞ്ഞു. എട്ട് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. വെള്ളിയാഴ്ച മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അതേസമയം കാല്‍മുട്ടിന് പരുക്കേറ്റ ക്യാപ്റ്റന്‍ ശ്രീജേഷിന്റെ സേവനം ഇനിയുള്ള മത്സരങ്ങളില്‍ ലഭിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. മൂന്ന് മാസത്തെ വിശ്രമമാണ് ശ്രീജേഷിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

DONT MISS
Top