ബാഹുബലി ചിത്രീകരണത്തിനിടെ കണ്ണവം വനത്തിന് കനത്ത പരിസ്ഥിതി നാശം, പഴയപടിയാകാന്‍ എഴുപതുവര്‍ഷമെടുക്കും

ബാഹുബലി ചിത്രീകരണത്തിനിടെ

കണ്ണൂര്‍: എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ചിത്രീകരണത്തിനിടെ കണ്ണവം വനത്തില്‍ കനത്ത പരിസ്ഥിതി നാശമുണ്ടായതായി പരാതി. സിനിമയിലെ വനരംഗങ്ങള്‍ കണ്ണൂരിലെ കണ്ണവം വനമേഖലയിലാണ് ചിത്രീകരിച്ചത്. സിനിമാ ചിത്രീകരണം സൃഷ്ടിച്ച പരിസ്ഥിതി ആഘാതത്തില്‍ നിന്നും കണ്ണവം വനഭൂമി പഴയപടിയാകണമെങ്കില്‍ ചുരുങ്ങിയത് എഴുപതു മുതല്‍ എണ്‍പതു വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂര്‍ മാനന്തവാടി റോഡ് ഗേറ്റില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകത്തോട്ടുചെന്നാല്‍ ബാഹുബലി ചിത്രീകരിച്ച സ്ഥലത്തെത്താം. തിങ്ങിനില്‍ക്കുന്ന മരങ്ങളുള്ള വനഭാഗമാണ് ബാഹുബലി ചിത്രീകരണത്തിനിടെ നശിപ്പിക്കപ്പെട്ടത്. കാട്ടുപ്ലാവിന്റെ ചക്കകള്‍ തേടി ആനകള്‍ ഇവിടെ എത്താറുണ്ടായിരുന്നു, സാമ്പര്‍ ഇനത്തിലുള്ള മാനുകളും ഉണ്ടായിരുന്നു. അടിക്കാടുകള്‍ നഷ്ടപ്പെട്ടതോടെ ഈ പ്രദേശം വന്യജീവികള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇവിടെയെത്തും മുമ്പേ ഈ പ്രദേശത്തുനിന്ന് ചൂടുകാറ്റ് അനുഭവപ്പെടുകയും ചെയ്യുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇവിടെ അടിക്കാടുകള്‍ ഉണ്ടായിരുന്നിടത്ത് വെറും മണല്‍പ്പരപ്പ് മാത്രമാണ് നിലവിലുള്ളത്.

കേന്ദ്രസര്‍ക്കാറിന്റെ വനാവകാശ പരിരക്ഷയുള്ള കണ്ണവം വനത്തില്‍ വനനിയമങ്ങള്‍ പരിഗണിക്കാതെയാണ് ബാഹുബലി ചിത്രീകരണം നടത്തിയത്. ഇതിനെതിരെ ഇവിടത്തെ ആദിവാസികള്‍ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ് യാതൊരുവിധ തടസ്സവും നേരിട്ടിരുന്നില്ല. പത്തുദിവസമാണ് ബാഹുബലിയുടെ ചിത്രീകരണം കണ്ണവം വനമേഖലയില്‍ നടന്നിരുന്നത്. ചിത്രീകരണത്തിനു മുമ്പ് തന്നെ സിനിമാ സംഘം കണ്ണവത്ത് എത്തിയിരുന്നു. നൂറിലേറെ പേരും വലിയ വാഹനങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളും ഷൂട്ടിങ്ങിനായി ഇവിടെയെത്തിയിരുന്നു. ചിത്രീകരണ ശേഷം പ്ലാസ്റ്റിക് അടക്കമുള്ള അവശിഷ്ടങ്ങള്‍ കാട്ടില്‍ പലയിടങ്ങളിലായി തീയിട്ടു നശിപ്പിക്കുകയായിരുന്നു.

സമാനമായ രീതിയില്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരിക സമ്മേളനത്തിനു ശേഷം യമുനാ നദീതടവും നശിപ്പിക്കപ്പെട്ടിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെട്ട് പിഴ ചുമത്തിയിരുന്നു. നദീതടം പഴയനിലയിലാകാന്‍ അമ്പതുവര്‍ഷമെടുക്കും എന്നാണ് പറയപ്പെടുന്നത്.

DONT MISS
Top