ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ ഉത്തരവിന് പിന്നില്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ

ഖമര്‍ ജാവേദ് ബജ്‌വ

ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയതിന് പിന്നില്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയാണെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പാക്ക് സേന നടത്തിയ ആക്രമണത്തിനാണ് ബജ്‌വ ഉത്തരവിട്ടതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 17ന് പാക് സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായിട്ടാണ് പാകിസ്ഥാന്‍ ജവാന്‍മാരുടെ ചേതനയറ്റ ശരീരത്തോട് ക്രൂരത കാണിച്ചത്. ഏപ്രില്‍ 30ന് ഹജി പിറില്‍ സന്ദര്‍ശനം നടത്തിയ ബജ്‌വ, ശക്തമായ തിരിച്ചടി നല്‍കാന്‍ സേനയ്ക്കു ഉത്തരവ് നല്‍കി.

ഹസ്യാന്വേഷണ വിഭാഗത്തെയും സൈനിക വൃത്തങ്ങളെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ മിന്നലാക്രമണം നടത്തിയതുമുതല്‍ ഇവിടം പ്രശ്‌ന ബാധിതമായിരുന്നു. തിങ്കളാഴ്ച്ച രാവിലെ കാല്‍ കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.

22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിബ് സുബേദാര്‍ പരംജീത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് പാക് സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലയറുത്ത നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ സൈന്യത്തിനു സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെങ്കിലും എത്തരത്തിലുള്ള നീക്കമാണ് ഫലപ്രദമാവുക എന്നത് പരിശോധിച്ചുവരികയാണ് സര്‍ക്കാര്‍.

DONT MISS
Top