ജിയോയ്ക്ക് വന്‍ നേട്ടം; തുടങ്ങി ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ 40% ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളേയും കയ്യിലൊതുക്കി ഒന്നാം സ്ഥാനത്ത്

പ്രതീകാത്മക ചിത്രം

ജിയോ വിപണിയിലേക്ക് വന്നതുതന്നെ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. മറ്റ് കമ്പനികള്‍ ഉപഭോക്താവിനെ കഴുത്തറുത്ത് പിഴിഞ്ഞപ്പോള്‍ ജിയോ ഇവിടെ കോളിളക്കം സൃഷ്ടിച്ചു. അതിനാല്‍ ഉപഭോക്താക്കള്‍ ജിയോയെ തിരിച്ചും സ്‌നേഹിച്ചു. അതിന്റ ഫലം ജിയോയ്ക്ക് കിട്ടിത്തുടങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

വിപണിയില്‍ വന്ന് ആറുമാസം കഴിയുമ്പോഴേക്ക് മൊത്തം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ 40 ശതമാനം പേര്‍ ജിയോയുടെ പോക്കറ്റിലായി. ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് 39.4 ശതമാനമാണ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ വിപണി പങ്കാളിത്തം.

നിലവില്‍ 4ജി മാത്രമുപയോഗിച്ച് ഇന്റര്‍നെറ്റ് നല്‍കിയിട്ടും ജിയോയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു. സെക്കന്റില്‍ 512 കെബി സ്പീഡ് എങ്കിലും ഉള്ള നെറ്റിനെയാണ് ട്രായ് ബ്രോഡ്ബാന്റായി പരിഗണിച്ചത്. ജിയോയ്ക്ക് പിന്നിലുള്ള എയര്‍ടെല്ലിന് ബ്രോഡ്ബാന്റ് വിപണിയില്‍ വെറും 17.87% ഉപഭോക്താക്കളേയുള്ളൂ. അതിനും പിന്നിലാണ് വോഡഫോണും ഐഡിയയും.

എന്നാല്‍ വയയേര്‍ഡ് ബ്രോഡ്ബാന്റ് കണക്ഷനുകളുടെ കാര്യത്തില്‍ ബിഎസ്എന്‍എല്ലാണ് മുന്നില്‍. രണ്ടാമത് എയര്‍ടെല്ലും. ജിയോ വയേര്‍ഡ് കണക്ഷനുകള്‍ കൊടുത്ത് തുടങ്ങുമ്പോള്‍ സംഗതി ആകെ മാറിമറിയാനും സാധ്യതയുണ്ട്. കണക്കുകള്‍ മാറ്റിമറിച്ചാണല്ലോ റിലയന്‍സിന്റെ പുതുപുത്തന്‍ ടെലക്കോം നെറ്റ്‌വര്‍ക്കിന് ശീലവും.

DONT MISS
Top