ബാഹുബലിയ്ക്ക് പ്രഭാസിന് പ്രതിഫലം 25 കോടി, റാണാ ദഗ്ഗുപതിക്ക് 15 കോടി; സംവിധായകന്‍ രാജമൗലിക്ക് ലഭിക്കുന്നതോ?

രാജമൌലി

കൊച്ചി: ആയിരം കോടിയിലേക്ക് കുതിക്കുകയാണ് ബാഹുബലിയുടെ രണ്ടാംഭാഗം. അറുനൂറ്റിയമ്പത് കോടിയിലധികം നേടി ആദ്യഭാഗം ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം രചിച്ചതിന് പിന്നാലെയാണ് രണ്ടാംഭാഗം സര്‍വകാലറെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുന്നത്. അഞ്ച് വര്‍ഷത്തിലധികമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളില്‍ പ്രമുഖനായ പ്രഭാസ് അഞ്ച് വര്‍ഷത്തോളമാണ് ഈ സിനിമയ്ക്കായി നീക്കിവെച്ചത്. പ്രമുഖ നടന്മാരെല്ലാം ഇങ്ങനെ തന്നെ. ഇതിന് എത്ര രൂപ പ്രതിഫലം വാങ്ങിക്കാണും?

ഒരു തെലുങ്ക് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കനുസരിച്ച്, പ്രഭാസിന്റെ പ്രതിഫലം ഇരുപത്തിയഞ്ച് കോടിരൂപയാണ്. അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ നിര്‍മ്മാതാക്കള്‍ ഡേറ്റിനായി ക്യൂ നിന്നെങ്കിലും പ്രഭാസ് വഴങ്ങിക്കൊടുത്തിരുന്നില്ല. കയ്യില്‍ കാല്‍കാശുണ്ടായില്ല ഇക്കാലത്തെന്ന വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു. അപ്പോളും മറ്റെല്ലാ ഓഫറും പ്രഭാസ് വേണ്ടെന്ന് വെച്ചു. പത്തുകോടിയുടെ ഒരു പരസ്യവും സമാനമായ നിലയില്‍ പ്രഭാസ് വേണ്ടെന്ന് വെച്ചെന്നാണ് വാര്‍ത്തകള്‍.യ

സിനിമയില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച വില്ലന്‍ ബെല്ലാദേവനും ചില്ലറക്കാരനല്ല. തെലുങ്ക് സൂപ്പര്‍താരമായ റാണാ ദഗ്ഗുപതിക്ക് ലഭിച്ചത് പതിനഞ്ച് കോടിരൂപയാണ്. ശിവകാമിയായി നിറഞ്ഞാടിയ തമിഴ് സൂപ്പര്‍താരം രമ്യാകൃഷ്ണന് രണ്ടരക്കോടി രൂപയും, തമന്നയ്ക്കും അനുഷ്‌കയ്ക്കും അഞ്ചുകോടി വീതവും പ്രതിഫലം നല്‍കിയെന്നാണ് വിവരം. ബാഹുബലിയെ കൊന്ന് ‘ചരിത്രം’ രചിച്ച കട്ടപ്പ രണ്ട് വര്‍ഷമാണ് സിനിമയ്ക്കായി നീക്കിവെച്ചത്. കട്ടപ്പയെ അനശ്വരമാക്കിയ സത്യരാജിന് നല്‍കിയത് രണ്ട് കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കെല്ലാം ഇത്രയും പണം ലഭിച്ചെങ്കില്‍ ബാഹുബലിയുടെ തലച്ചോറിന് എത്ര പണം ലഭിച്ചിട്ടുണ്ടാകും.

ബാഹുബലിക്ക് ഇത്ര പണം എന്നല്ല പ്രതിഫലത്തിനായുള്ള കരാര്‍. നിര്‍മ്മാതാക്കളുമായി ലാഭത്തിന്റെ വിഹിതം പങ്കുവെക്കാനാണ് രാജമൗലിയുടെ കരാര്‍. ആകെ ലാഭത്തിന്റെ മൂന്നിലൊന്നാണ് ഈ ലാഭവിഹിതമെന്നാണ് നിലവിലെ വിവരം. 450 കോടിയിലധികം മുടക്കിയാണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത്. എന്നാല്‍ രണ്ട് സിനിമകളും ചേര്‍ന്നാല്‍ കളക്ഷന്‍ ചുരുങ്ങിയത് രണ്ടായിരം കോടിയെങ്കിലും നേടുമെന്നാണ് വിവരം. ആയിരത്തി അഞ്ഞൂറ് കോടിയിലധികം ലാഭമുണ്ടായാലും രാജമൗലിക്ക് ലഭിക്കുന്നത് അഞ്ഞൂറ് കോടിയിലധികമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ബ്രഹ്മാണ്ഡചിത്രത്തിന്, ബ്രഹ്മാണ്ഡപ്രതിഫലം തന്നെയാകും അദ്ദേഹം സ്വന്തമാക്കുക.

DONT MISS
Top