കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഡ്യൂട്ടി സമ്പ്രദായത്തെ കുറിച്ച് മെക്കാനിക്കല്‍ ജീവക്കാര്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്കി. തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറിയത്.
മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കാനാകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നല്കി. എല്ലാ മെയിന്റനന്‍സ് ജോലികളും രാത്രിയിലേക്ക് മാറ്റാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
രാത്രി ഡ്യൂട്ടി സംബന്ധിച്ച് ജീവനക്കാര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഒരാള്‍ തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാത്രി ഡ്യൂട്ടിയില്‍ ആവശ്യമായ മാറ്റംവരുത്തുമെന്നും മന്ത്രി പറഞ്ഞു.
രാത്രികാലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവര്‍ സമരത്തിലേക്ക് കടന്നത്.
ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളും കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം, ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ എന്നിവരും പങ്കെടുത്തു.