ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നടപടി; പാകിസ്താനെ വെല്ലുവിളിച്ചുള്ള വീഡിയോ ഗാനം പുറത്തുവിട്ട് സൈനികര്‍

ശ്രീനഗര്‍: ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്താന്‍ സൈനികരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്താനെ വെല്ലുവിളിച്ചുള്ള ഒരു വീഡിയോ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 22 സിഖ് റെജിമെന്റിലെ സൈനികരിലൊരാള്‍ പഞ്ചാബി ഭാഷയില്‍ പാടുന്നതാണ് വീഡിയോയിലുള്ളത്. ഇദ്ദേഹത്തിന് സമീപം മറ്റ് നാല് സൈനികര്‍ ഇരിക്കുന്നതും കാണാം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പരംജീത് സിങ് എന്ന സൈനികന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം പാക് സൈന്യം വികൃതമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തുവിട്ട വീഡിയോ പാകിസ്താന്‍ നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍

മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതാണ് വീഡിയോ. ഇന്ത്യക്കെതിരെയുള്ള പാകിസ്താന്‍ നടപടി ശക്തമായ സാഹചര്യത്തിലായിരുന്നു നേരത്തേ വീഡിയോ പുറത്തുവന്നത്. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ തങ്ങള്‍ രണ്ട് മണിക്കൂറുകല്‍കൊണ്ട് ശത്രുക്കളെ കത്തിച്ച് ചാമ്പലാക്കുമെന്ന് പാട്ടില്‍ അവര്‍ പറയുന്നു. തങ്ങള്‍ ഏത് ബറ്റാലിയനിലുള്ളവരാണെന്ന് പാട്ടില്‍ പല സ്ഥലങ്ങളിലും സൈനികന്‍ പറയുന്നുണ്ട്. പാകിസ്താന്‍ തങ്ങളുടെ സ്‌നേഹം മാത്രമേ കണ്ടിട്ടുള്ളൂ, തങ്ങള്‍ ദേഷ്യപ്പെട്ടാല്‍ എങ്ങനെയാണെന്ന് അവര്‍ കണ്ടിട്ടില്ലെന്നും ഗാനത്തിലുണ്ട്.

പാകിസ്താനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പേടിച്ചിരിക്കുകയാണെന്ന് കരുതരുത്. നിങ്ങളുമായി പൊരുത്തപ്പെട്ടു പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നിങ്ങളുടെ സിഖ് സഹോദരന്മാര്‍ പറയുന്നത് സത്യമാണ്. നിരവധി തവണ തങ്ങള്‍ താക്കീത് നല്‍കി കഴിഞ്ഞുവെന്നും സൈനികന്‍ പാടുന്നു.

നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 250 മീറ്ററിലേറെ കടന്നുകയറിയാണ് പാക് സൈന്യം രണ്ട് ജവാന്മാരെ കൊലപ്പെടുത്തിയത്. പരംജീത് സിങിനെ കൂടാതെ ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇന്ത്യ തിരിച്ചടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.

DONT MISS
Top