‘ശബരിയുടെ പ്രണയം പൂവണിഞ്ഞു’; കെഎസ് ശബരീനാഥന്‍ എംഎല്‍എയും സബ്കളക്ടര്‍ ഡോ ദിവ്യഎസ് അയ്യരും വിവാഹിതരാകുന്നു

ദിവ്യയും ശബരിയും

തിരുവനന്തപുരം: ഉന്നതമായ ജോലി ഉപേക്ഷിച്ച് പൊതുജനസേവനിറങ്ങിയയാളാണ് അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥന്‍. ഡോക്ടറുദ്യോഗം വിട്ട് ഐഎഎസിന് പോയ ഡോ ദിവ്യ എസ് അയ്യര്‍ തിരുവനന്തപുരത്ത് സബ്കളക്ടറും. ഇരുവരും തമ്മിലുള്ള പ്രണയമിതാ പൂവിടാന്‍ പോവുകയാണ്. ഇരുവരുടെയും വിവാഹം ഉടന്‍ നടക്കും.

തലസ്ഥാനത്ത് ഒരുമിച്ച് പൊതുപ്രവര്‍ത്തനവും ഉദ്യോഗവും തുടരവെ ആരംഭിച്ച സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഈ പ്രണയമാണ് ഇരുവരുടെയും വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹത്തിലെത്തിയത്. കുടുംബങ്ങള്‍ പരസ്പരം സംസാരിച്ച് വിവാഹതീരുമാനമെടുത്തുകഴിഞ്ഞു. കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രമുഖനായ ശബരീനാഥന്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മുന്‍മന്ത്രി ജി കാര്‍ത്തികേയന്റെ മകനായ ശബരി, കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തിരുവനന്തപുരം പാല്‍കുളങ്കര സ്വദേശിയായ ദിവ്യ, തന്റെ ശ്രദ്ധേയമായ നിലപാടുകളിലൂടെ ബഹുജനപ്രശംസ ഏറ്റുവാങ്ങി മുന്നോട്ടുകുതിക്കുന്ന സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാരില്‍ ഒരാളാണ്.

മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. നിരവധി പുസ്തകങ്ങള്‍ രചിച്ച് എഴുത്തിലുള്ള പ്രാവീണ്യവും അവര്‍ തെളിയിച്ചിട്ടുണ്ട്. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ആം റാങ്കും നേടിയ മിടുക്കിയാണ്, കേരളത്തിന്റെ യുവ എംഎല്‍എയ്ക്ക് മണവാട്ടിയാകുന്നത്. നിലവില്‍ തിരുവനന്തപുരം സബ്കളക്ടറായ ദിവ്യയുടെ നിരവധി പ്രസംഗങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. ഐഎഎസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറാകാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന എഴുത്തുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെകും ഗുര്‍ഗാവോണിലെ എംഡിഐയില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയയാളാണ് ശബരിനാഥന്‍. മുംബൈയില്‍ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നും, പിന്നീട് ടാറ്റാ ട്രസ്റ്റിന്റെ ആരോഗ്യസഹായ പദ്ധതിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കവെയാണ് ശബരി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. 2015ല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 10,128 വോട്ടിന് സിപിഐഎമ്മിന്റെ എം വിജയകുമാറിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്.

DONT MISS
Top