പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് ഹിന്ദി സബ്‌ടൈറ്റില്‍ അനുവദിക്കില്ല; സ്റ്റാലിന്‍

എംകെ സ്റ്റാലിന്‍

ചെന്നൈ: പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് മേല്‍ ഹിന്ദി സബ്‌ടൈറ്റില്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍. പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് ഹിന്ദി സബ്‌ ടൈററിലുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രമേയത്തെ സ്റ്റാലിന്‍ ശക്തമായി എതിര്‍ത്തു. ഹിന്ദി ഭാഷയെ മറ്റു ഭാഷകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതിനുള്ള ശ്രമമാണ് ഈ പ്രമേയം എന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഏതുതരം ശ്രമത്തെയും ഡിഎംകെ പ്രതിരോധിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. “എല്ലാ പ്രാദേശിക ഭാഷകളും ബഹുമാനിക്കപ്പെടേണ്ടിയിരിക്കുമ്പോള്‍, അവയെ ഹിന്ദിയുടെ ആധിപത്യത്തിനുകീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഏകതയ്ക്ക് വെല്ലുവിളിയാണ്. സിനിമയെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പിക്കാനുള്ള ബിജെപി ഗവണ്മെന്റിന്റെ നീക്കമാണ്. അതിനെ ശക്തമായി അപലപിക്കുന്നു. കേന്ദ്രം ഇക്കാര്യം വിശദമാക്കണം” സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ സ്റ്റാലിന്റെ ആരോപണം നിഷേധിച്ചു. ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന ആരോപണത്തില്‍ വാസ്തവമില്ല എന്നാണ് നിര്‍മല പറഞ്ഞത്.
ഏതൊരു പ്രാദേശിക സിനിമയ്ക്കും ഹിന്ദി സബ്‌ടൈറ്റില്‍ നിര്‍ബന്ധമാക്കുകയോ ഹിന്ദി സബ്‌ടൈറ്റില്‍ നല്‍കുകയോ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്നും എന്‍എഫ്ഡിസിക്ക് എല്ലാ സിനിമകളുടെയും തിരക്കഥ ഹിന്ദിയില്‍ നല്‍കണമെന്നുമുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിന് രാഷ്ട്രപതിയുടെ അംഗികാരം ലഭിച്ചിരുന്നു.

ഹിന്ദി സംസാരിക്കുന്ന സിനിമാ പ്രേമികള്‍ക്ക് ഈ വാര്‍ത്ത ആശ്വാസകരമാണ്, എന്നാല്‍ പല പ്രാദേശിക ഭാഷാ സിനിമാ പ്രേമികള്‍ക്കും സ്വന്തം മാതൃഭാഷയിലുള്ള സിനിമ കാണുമ്പോള്‍ ഹിന്ദി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്നത് അസ്വസ്ഥതയുണ്ടാക്കാന്‍ കാരണമായേക്കാം.
പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സിനിമകളില്‍ ഹിന്ദി സബ്‌ടൈറ്റില്‍ നിര്‍ബന്ധമാക്കണം എന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നത്.

DONT MISS
Top