3192 സഫാരി സ്റ്റോമുകള്‍ വാങ്ങി ഇന്ത്യന്‍ കരസേന; വാങ്ങിയത് സൈന്യത്തിനായി മാറ്റം വരുത്തിയതിന് ശേഷം


സൈന്യത്തിനായി മാറ്റം വരുത്തിയ സഫാരി

സഫാരി പണ്ടുമുതലേ നിരത്തിലുള്ള ടാറ്റയുടെ എസ്‌യുവി മോഡലാണ്. ഏറ്റവും ആദ്യം പുറത്തുവന്നപ്പോഴേ ഇന്ത്യയിലുള്ള വാഹന ആരാധകരുടെ മനം കീഴടക്കിയ മോഡല്‍. പിന്നീട് ഡൈകോര്‍ എഞ്ചിനുമായി മാറിയപ്പോഴും ആ ഇഷ്ടം കൂടിവന്നു. എന്നാല്‍ ഏറ്റവും അവസാനമായി ഇറങ്ങിയ സഫാരി സ്‌റ്റോം പൂര്‍ണമായും വാഹന പ്രേമികള്‍ക്കു പിടിച്ചു എന്ന് പറയാനാവില്ലെങ്കിലും മറ്റൊരു വന്‍ പാര്‍ട്ടി സഫാരിയെ കൊത്തിക്കൊണ്ടുപോയിരിക്കുന്നു. മറ്റാരുമല്ല, ഇന്ത്യന്‍ കരസേനയാണ് സഫാരിയെ കൂടെക്കൂട്ടിയിരിക്കുന്നത്.

3192 സഫാരി സ്റ്റോമുകളാണ് കരസേന വാങ്ങിയത്. അതും കരസേനയുടെ എല്ലാമെല്ലാമായ യാത്രാ വാഹനം മാരുതി ജിപ്‌സിയുടെ സ്ഥാനത്തേക്കാണ് സ്റ്റോമെത്തുന്നത്. പതിയെ ജിപ്‌സി പൂര്‍ണമായും വിടവാങ്ങും. ബറ്റാലിയന്‍ സൈനിക സംഘങ്ങളും ഓഫീസര്‍മാരുമാണ് നിലവില്‍ ജിപിസി ഉപയോഗിക്കുന്നത്. മഹിന്ദ്ര സ്‌കോര്‍പിയോയുമായി നേരിട്ട് മത്സരിച്ചാണ് സ്‌റ്റോം ഈ സ്ഥാനം നേടിയെടുത്തത്.

പതിനഞ്ച് മാസങ്ങളോളമാണ് കരസേന വാഹനങ്ങള്‍ പരിശോധിച്ചതും പഠിച്ചതും. എല്ലാ അവസ്ഥയിലും വാഹനം ഏത് രീതിയില്‍ പെരുമാറുമെന്ന് ഉപയോഗിച്ചു നോക്കുകയും ചെയ്തു. സ്‌കോര്‍പിയോ ശക്തമായ വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ ചിലവിന്റെ കാര്യത്തില്‍ സ്റ്റോമാണ് ലാഭകരമെന്ന നിഗമനത്തില്‍ സൈന്യമെത്തി. അങ്ങനെയാണ് ഇടപാട് ഉറപ്പിക്കുന്നത്.

സ്റ്റോം 2.2 ലിറ്റര്‍ എഞ്ചിന്‍ 154 ബിഎച്ച്പി കരുത്തുപകരും. 200എംഎം ഗ്രൗണ്ട് ക്ലിയറന്‍സില്‍ വരുന്ന വാഹനത്തില്‍ 6 ഗിയര്‍ മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. നിറം സൈന്യത്തിന് സാധാരണയായി ഉപയോഗിക്കുന്ന പച്ചയാണ്. മറ്റ് ധാരാളം മാറ്റങ്ങളും സ്റ്റോമിനുണ്ടാകും. ഡീസല്‍ പതിപ്പ് സഫാരിയാണ് സൈന്യം വാങ്ങിയിരിക്കുന്നത്.

DONT MISS
Top