15,000 ഓട്ടോറിക്ഷകള്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും; എറണാകുളത്തെ യാത്ര എളുപ്പമാക്കാനുറച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

കൊച്ചി മെട്രോ പുറത്തുവിട്ട പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയില്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന മെട്രോ റെയില്‍ സേവനം എറണാകുളത്തിന്റെ യാത്രാ രീതികളെത്തെന്നെ മാറ്റിമറിക്കുമെന്നുറപ്പാണ്. അതിനുള്ള വിവിധ ചുവടുവയ്പ്പുകള്‍ മെട്രോ റെയില്‍ ലിമിറ്റഡ് തുടങ്ങിവച്ചുകഴിഞ്ഞു. മെട്രോയ്ക്കായി ഇത്രയും സഹിച്ച കൊച്ചിയിലെ ജനങ്ങള്‍ മെട്രോ വന്നുകഴിയുമ്പോള്‍ ഈ സങ്കടമെല്ലാം മറന്നേക്കും. കാരണം യാത്രകളിലുണ്ടാകുന്ന വലിയ എളുപ്പം എല്ലാ പരിഭവവും മറക്കാന്‍ പോന്നതാകുമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഉറപ്പ്.

കെഎംആര്‍എല്ലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഓട്ടോ റിക്ഷകളുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണിപ്പോള്‍. ഓണ്‍ലൈന്‍ ടാക്‌സിക്ക് സമാനമായ രീതിയിലാവും ഇതു പ്രവര്‍ത്തിക്കുക. ഇതോടെ റെയില്‍ യാത്രയ്ക്കുപുറമെ ഓട്ടോറിക്ഷാ യാത്രയും തികച്ചും സ്മാര്‍ട്ടാകും. മൊബൈലിലൂടെ പണമടച്ച് സ്റ്റേഷനിലേക്കും സ്റ്റേഷനില്‍നിന്നും യാത്ര ചെയ്യാനാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രധാന തൊഴില്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള എറണാകുളം ജില്ലാ ഓട്ടോറിക്ഷ യുണിയന്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ വരുന്ന കമ്പനിയോ സൊസൈറ്റിയോ ആയിരിക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക. പ്രൊഫഷണല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സിംഗിള്‍ മാനേജ്മമെന്റ് ഏജന്‍സിയായിരിക്കും ഇത്. മെട്രോ റെയില്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

പ്രധാനപാതകളേക്കാള്‍ കൂടുതല്‍ കൊച്ചിയിലുള്ളത് ഇടറോഡുകളും സര്‍വിസ് റോഡുകളുമാണ്. അതുകൊണ്ടുതന്നെ ജനങ്ങളെ മെട്രോപോലുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ മികച്ച മാര്‍ഗ്ഗം ഓട്ടോറിക്ഷകള്‍ തന്നെയാണ്. മെട്രോയുടെ ഫീഡര്‍ സര്‍വീസുകളില്‍ ഒന്നായി ഓട്ടോറിക്ഷകള്‍ മാറുന്നതോടെ വിപ്ലവകരമായ മാറ്റങ്ങള്‍ നഗരഗതാഗതത്തില്‍ ഉണ്ടാകും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറയുന്നു.

DONT MISS
Top