മാലിന്യങ്ങള്‍ വലിച്ചെറിയുന്നതല്ലാതെ അതിനിടയില്‍ ജീവിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നടന്നു പോകുന്നവരാണ് അധികം ആളുകളും. അതൊന്നും ആരെയും ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. യാത്രയിലാണെങ്കില്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം വാഹനത്തിനുള്ളില്‍ നിന്നും തന്നെ പുറത്തേക്ക് വലിച്ചെറിയുന്നു. വീട്ടില്‍ കുന്നുകൂടുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നഗരസഭയുടെ വാഹനത്തില്‍ കയറ്റിവിട്ടശേഷം ‘അതിന്റെ കാര്യത്തില്‍ തീരുമാനമായി’ എന്ന് പറഞ്ഞ് ആശ്വസിക്കുന്നവരും ഉണ്ട് നമുക്കിടയില്‍. പ്രകൃതിക്കും ജീവന് തന്നെ ഹാനിയായും മാലിന്യങ്ങള്‍ കുന്നുകൂടുമ്പോള്‍ നമ്മെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ് അത് നീക്കം ചെയ്യാന്‍ കഷ്ടപ്പെടുന്നതെന്ന കാര്യം നാം മറന്നുപോകുകയാണ്.

മാലിന്യങ്ങള്‍ക്കൊപ്പം എത്രയോ പേരാണ് ദിവസവും കഴിഞ്ഞുകൂടുന്നത്. നീക്കം ചെയ്യുന്നതിനൊപ്പം തന്നെ മാലിന്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരും നിരവധിയാണുള്ളത്്. ഇന്തോനേഷ്യയില്‍ ഏറ്റവും വലുതെന്ന് വിലയിരുത്തപ്പെടുന്ന മാലിന്യക്കൂമ്പാരത്തില്‍ ഇത്തരത്തില്‍ ജീവിതം കഴിച്ചു കൂട്ടുന്നവര്‍ 3000ത്തോളം കുടുംബങ്ങളാണ്. കുഞ്ഞുങ്ങള്‍ ഇവിടെ ജനിച്ച് വളരുന്നു. ചിലര്‍ ഇവിടെ ഷെഡ്ഡുകള്‍ കെട്ടി താമസിക്കുന്നു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും 12 മൈല്‍ അകലെ ജാവയിലാണ് ഈ മാലിന്യക്കൂമ്പാരമുള്ളത്. ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള ‘ബന്ദര്‍ ഗെബാന്‍’. തെക്ക് കിഴക്കന്‍ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരമാണിത്. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ അലക്‌സാന്‍ഡ്രേ സാറ്റ്‌ലര്‍ ഇവിടെ നിന്നും ചില ചിത്രങ്ങള്‍ പകര്‍ത്തുകയുണ്ടായി. ചിന്തിക്കാവുന്നതിവും അപ്പുറമാണ് ഇവിടെയുള്ളവരുടെ ജീവിതമെന്ന് ഓരോ ചിത്രങ്ങളിലും നിന്നും വ്യക്തമാണ്.

ദിവസവും 9000 ടണ്‍ മാലിന്യമാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. മാലിന്യ സംസ്‌കരണത്തിന് ഇവിടെ കൃത്യമായ മാര്‍ഗങ്ങളില്ല. ഇവിടെ തള്ളപ്പെടുന്നവയില്‍ അധികവും ഭക്ഷണസാധനങ്ങളാണ്. പഴങ്ങളും പച്ചക്കറികളും മറ്റും. ഇവിടെ താമസമാക്കിയിട്ടുള്ളവരില്‍ പലരും ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്നവ ഭക്ഷിക്കുന്നതായാണ് അലക്‌സാന്‍ഡ്രേ പറയുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഓടി നടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. അതിലൊരു കുട്ടിയുടെ കാലില്‍ ആഴത്തില്‍ മുറിവുണ്ട്. എന്നാല്‍ അത് വേണ്ട രീതിയില്‍ വെച്ചുകെട്ടിയിട്ടില്ല. അതൊന്നും ശ്രദ്ധിക്കാതെ മാതാപിതാക്കള്‍ തിരക്കിട്ട പണിയിലാണ്. വേദനകളിലും ഈ കുട്ടികള്‍ തങ്ങളുടെ ജീവിതം വളരെയധികം ആസ്വദിക്കുന്നു എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അലക്‌സാന്‍ഡ്രോ പറഞ്ഞു.

തങ്ങളുടെ ജീവിത സാഹചര്യങ്ങളെ ഓര്‍ത്ത് ഇവിടെ ജീവിക്കുന്നവര്‍ക്ക് വളരെയധികം വേദനയുണ്ടെന്ന് അലക്‌സാന്‍ഡ്രോ പറയുന്നു. എന്നാല്‍ അവര്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല. അവര്‍ ആ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. പ്രത്യേകിച്ച് സ്വപ്നങ്ങളോ പ്രതീക്ഷകളോ അവര്‍ക്കില്ല. മാലിന്യം നീക്കം ചെയ്തും അവയ്‌ക്കൊപ്പം കിടന്നുറങ്ങിയും അവര്‍ ജീവിതം തള്ളിനീക്കുകയാണ്. ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും അതിന് തന്നെക്കൊണ്ടാവില്ല. മാലിന്യ സംസ്‌കരണത്തിന് ശരിയായ മാര്‍ഗം അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് തന്റെ പ്രതീക്ഷ. അതോടൊപ്പം ഇവിടെ നരകിക്കുന്നവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. അലക്‌സാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.

അലക്‌സാന്‍ഡ്രോ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍

DONT MISS
Top