കുരങ്ങു’ശല്യം’ നിയന്ത്രിക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ പ്രയോഗിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് ഗവണ്മെന്റ്

മസൂറിയിലെ കുരങ്ങ്

ഉത്തരാഖണ്ഡ്: വര്‍ധിച്ചുവരുന്ന കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങി ഉത്തരാഖണ്ഡ് വനം വകുപ്പ്. ടൗണുകളിലും നഗരങ്ങളിലും കുരങ്ങുകളുടെ ശല്യകരമായ സാന്നിധ്യം ഇല്ലാതാക്കാനാണ് ഈ നീക്കം. വനം വകുപ്പിന്റെയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെയും സഹകരണത്തിലാണ് കുരങ്ങുശല്യം കുറയ്ക്കാന്‍ അവ ജനിക്കുന്നതുതന്നെ ഇല്ലാതാക്കുക എന്ന അല്‍പം കടന്നകൈയായ വന്ധ്യംകരണ പദ്ധതി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്.

പെണ്‍കുരങ്ങുകള്‍ക്ക് പോര്‍സൈന്‍ സോണാ പെല്ലൂസിഡാ എന്ന ഗര്‍ഭനിരോധന മരുന്നാണ് നല്‍കാന്‍ പോകുന്നത്. കഴിക്കുന്ന ഭക്ഷണം വഴി അവരില്‍ മരുന്ന് കടത്താനാണ് തീരുമാനം. ഓരോ വര്‍ഷവും നല്‍കിക്കൊണ്ടിരിക്കേണ്ട മരുന്നാണിത്. പെണ്‍കുരങ്ങുകളുടെ അണ്ഡത്തിലെ ബീജം സ്വീകരിക്കുന്ന കോശങ്ങളില്‍ ആന്റി ബോഡി ഉല്‍പാദിപ്പിക്കുന്നതാണ് പെല്ലൂസിഡാ മരുന്ന്. അങ്ങനെ പ്രത്യുല്‍പാദനം തടയുന്നു.

ഒരു തവണ മരുന്ന് നല്‍കിയാല്‍ ഒരു വര്‍ഷത്തോളം പെണ്‍കുരങ്ങില്‍ പ്രത്യുല്‍പാദനം നടക്കില്ല. ഇത് നാലു വര്‍ഷത്തോളം തുടരും. മരുന്ന് പ്രയോഗിച്ച കുരങ്ങുകളെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും എന്നും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ വിബി മധുര്‍ പറഞ്ഞു.

2010ല്‍ ഹരിദ്വാറില്‍ തീര്‍ത്ഥാടകരെ ആക്രമിച്ചതോടെയാണ് കുരങ്ങുപിടിത്തം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. റിഷികേശ്, ഡെറാഡൂണ്‍, മസൂറി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും കുരങ്ങുശല്യത്തില്‍ നിന്നും സ്വതന്ത്രമല്ല. കണക്കുകള്‍ പ്രകാരം, ഏകദേശം 1.50 ലക്ഷം കുരങ്ങുകളാണ് സംസ്ഥാനത്തെ ടൗണുകളിലും നഗരങ്ങളിലുമായി നാശം വിതക്കുന്നത്. ഓരോ വര്‍ഷം തോറും 36% വര്‍ധനവാണ് കുരങ്ങുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്നതെന്നതും സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു.

യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിലവിലുള്ള മൃഗസംഖ്യാ നിയന്ത്രണ രീതിയാണിത്. ഇതിനുള്ള മരുന്ന് യുഎസ്സില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍, അത് ചെലവേറിയതായതിനാല്‍ വ്യാപകമായി ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ത്യയില്‍ തന്നെ മരുന്നുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

DONT MISS
Top