ഇന്ത്യയിലെ കര്‍ഷക ആത്മഹത്യക്ക് കാരണം ദാരിദ്ര്യമല്ല ആത്മീയത ഇല്ലായ്മയാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ഫയല്‍ചിത്രം

മുംബൈ : ഇന്ത്യയിലെ കര്‍ഷക ആത്മഹത്യക്ക് കാരണം ആത്മീയത കുറഞ്ഞതാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.  മുംബൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലുമായി നടക്കുന്ന കര്‍ഷക ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ദാരിദ്ര്യം മാത്രമല്ല ആത്മീയതക്കുറവും ആത്മഹത്യക്കുള്ള കാരണമായി ശ്രീ ശ്രീ രവിശങ്കര്‍ ചൂണ്ടിക്കാട്ടിയത്.

വിദര്‍ഭയിലടക്കം 512 ലധികം ഗ്രാമങ്ങളില്‍ നടത്തിയ പദയാത്രകളില്‍ നിന്നാണ് തനിക്കിത് മനസ്സിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ആത്മീയതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരിലുണ്ടാകുന്ന ആത്മഹത്യാ പ്രവണതകള്‍ പരിഹരിക്കുന്നതിന് യോഗയും പ്രാണായാമവും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരികോത്സവത്തിന്റെ ഫലമായി യമുന തീരം നശിപ്പിക്കപ്പെട്ടുവെന്ന  വാര്‍ത്തയ്ക്കും അദ്ദേഹം പ്രതികരിച്ചു. ”സത്യം ജയിക്കും, രാജ്യത്തെ ജുഡീഷ്യല്‍ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട് തെറ്റായ ഒന്നും താനോ, തന്റെ സംഘടനയോ ചെയ്തിട്ടില്ല. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ കൈക്കൊണ്ടതെന്നും അതിന്റെ ഭാഗമായി ഏകദേശം 500 ടണ്‍ മാലിന്യങ്ങളാണ് യമുനയില്‍ നിന്ന് നീക്കം ചെയ്തതെ”ന്നും അദ്ദേഹം പറഞ്ഞു.

ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്ന സോനു നിഗത്തിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. മതസ്ഥാപനങ്ങളില്‍ ഉച്ചഭാഷിണികള്‍ ആവശ്യമില്ലെന്നും, ഹൃദയത്തില്‍ നിന്നും നേരിട്ടെത്തുന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണ് ദൈവങ്ങളിലേക്കെത്തുകയെന്നും അദ്ദേഹം പ്രതികരിച്ചു.

DONT MISS
Top