‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?’; ആദ്യ ഷോ കണ്ട് സസ്‌പെന്‍സ് പൊളിക്കാനിറങ്ങിയവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് രാജമൗലി

രാജമൌലി

‘നിങ്ങള് രാവിലെയല്ലേ കാണൂ, ഞങ്ങള്‍ തലേന്ന് രാത്രി കണ്ടിട്ട് വാട്ടസപ്പ് ചെയ്യാം കേട്ടോ’ ഇത് പ്രവാസികളുടെ പ്രതികരണം. ‘വൈകിട്ടാണ് ടിക്കറ്റ് കിട്ടിയത്, അതിനാല്‍ അതുവരെ ഫെയ്‌സ്ബുക്കും വാട്ടസപ്പും ഒഴിവാക്കുന്നു’ ഇത് നാട്ടിലുള്ളവരുടെ പ്രതകരണം. പറഞ്ഞുവരുന്നത് ബാഹുബലിയെക്കുറിച്ച് തന്നെ. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ആദ്യം അറിഞ്ഞ്, ബാക്കിയുളളവര്‍ക്ക് പണികൊടുക്കാന്‍ കാത്തിരുന്നവര്‍ക്ക് ലഭിച്ചത് എട്ടിന്റെ പണിയാണ്. എസ്എസ് രാജമൗലി ഒരിക്കല്‍ കൂടി ആ മാജിക് ലോകമാകെയുള്ള സിനിമാസ്വാദകര്‍ക്ക് കാട്ടിക്കൊടുത്തു.

ഒന്നാം ഭാഗം കണ്ടപ്പോള്‍, എന്തിന് രണ്ടാം ഭാഗം കാണണമെന്ന് രാജമൗലി പറഞ്ഞുവെച്ചു. അതെ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നതെന്നതിന് ഒരൊറ്റയുത്തരം തേടിയാണ് ലക്ഷക്കണക്കിനാളുകള്‍ ഇന്ന് പുലര്‍ച്ചെ തന്നെ ആദ്യ ഷോയ്ക്ക് കേരളത്തിലെ തീയറ്ററുകളിലെത്തിയത്. തിരക്കുകള്‍ക്ക് ഇടവേളകൊടുത്ത് വെള്ളിയാഴ്ചയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ ഇന്നലെ രാത്രി യുഎഇയിലും തീയറ്ററുകള്‍ ഹൗസ്ഫുളായി മാറി. പക്ഷെ പണികൊടുക്കുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് തിരിച്ചാണ് പണികിട്ടിയത്. അങ്ങനെ ഒരുവാക്കില്‍ പറഞ്ഞുതീര്‍ക്കാനാകുന്നതല്ല ബാഹുബലിയുടെ മരണകാരണം എന്നതുതന്നെ അതിന് കാരണം. സൗഹൃദക്കൂട്ടത്തിലോ അബദ്ധത്തിലോ കേട്ടോ കണ്ടോ ഈ കാരണം പെട്ടന്ന് മനസിലാക്കാനുമാകില്ല.

കട്ടപ്പ കൊന്നതെന്തിനെന്ന് ഒരുവാക്കിലല്ല, ഒരു സിനിമയാകെ കൊണ്ടാണ് രാജമൗലി പറഞ്ഞുവെക്കുന്നത്. സിനിമയുടെ സിംഹഭാഗവും അമരേന്ദ്രബാഹുബലിയെ കട്ടപ്പയെന്തിന് കൊന്നെന്ന് തന്നെയാണ് വിശദീകരിക്കുന്നത്. അതിനാല്‍ സസ്‌പെന്‍സ് പൊളിക്കാന്‍ നടന്നവര്‍ക്ക്, സിനിമയാകെ പറഞ്ഞുകൊടുക്കേണ്ടിവരുമെന്ന് ചുരുക്കം. ഇത് വെളുപ്പിനെ ഇരുന്ന് ടൈപ്പ് ചെയ്യാനൊന്നും മെനക്കെടാന്‍ വയ്യെന്നാണ് പഴയ ഭീഷണിക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം വ്യക്തമായതോടെ ഇന്നലെ ഡിആക്ടിവേറ്റ് ചെയ്ത പലരും ഫെയ്‌സ്ബുക്കില്‍ തെല്ലൊരു ആശ്വാസത്തോടെ, ഒപ്പം അല്‍പ്പം ജാഗ്രതയോടെയും തിരിച്ചെത്തിയിട്ടുണ്ട്. ഒരു മെസേജ് കൊണ്ട് ആ കാരണം വിശദീകരിക്കാനാകില്ല. 171 മിനുട്ട് ചിത്രത്തിലെ രണ്ടര മണിക്കൂറോളം നേരവും ഈ കാരണമാണ് സിനിമയില്‍ വിശദീകരിച്ചത്. ചുരുങ്ങിയത് നാല് പേജെങ്കിലും എഴുതാതെ ഇക്കാര്യം വിശദീകരിക്കാനില്ല എന്നതിനാല്‍ തന്നെയാണ് പലരും പിന്‍മാറിയതെന്ന് ചുരുക്കം. അഥവാ, ഇനി കണ്ടയാളുകളോട് ആരെങ്കിലും കാരണം ചോദിച്ചാലും, വിശദീകരിക്കാന്‍ ഇത്രയും സമയം വേണ്ടിവരും.

എന്താണ് കാരണമെന്നതിനേക്കാള്‍ അത് എങ്ങനെ അവതരിപ്പിച്ചുവെന്നതാണ് ബാഹുബലിയെയും രാജമൗലിയെയും വ്യത്യസ്തരാക്കുന്നത്. കഥ പറഞ്ഞുകേട്ടാലും ആ സിനിമാനുഭവം ബോധ്യമാകില്ലെന്ന് ചുരുക്കം. ഹോളിവുഡ് സിനിമകളെപ്പോലും തോല്‍പ്പിക്കുന്ന സാങ്കേതിക മികവും പകരംവെക്കാനില്ലാത്ത സ്‌ക്രിപിറ്റിംഗും നിര്‍ബന്ധമായും അനുഭവേദ്യമാകേണ്ട സിനിമാനുഭവമാക്കി ബാഹുബലി രണ്ടിനെ മാറ്റുന്നു. ഫെയ്‌സ്ബുക്ക് ലൈവ് വഴിയോ, തമിള്‍ റോക്കേഴ്‌സ് പുറത്തുവിടുമ്പോളോ ‘കട്ടുകണ്ടാലും’ ഈ അനുഭവം നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പ്. സമഗ്രവും വ്യക്തവും സുന്ദരവുമായ ആ കഥ കേട്ടാല്‍, ആരും കട്ടപ്പയെ കുറ്റം പറയില്ലെന്ന് ഉറപ്പ്. കട്ടപ്പയോട് കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചയാളെയും പഴിക്കില്ലയ മറിച്ച് ആദ്യസിനിമയിലെ വില്ലന്മാരെ തന്നെയേ കുറ്റപ്പെടുത്തൂ. ബാഹുബലിയുടെ അന്ത്യനിമിഷത്തില്‍ തീയറ്ററിലുയരുന്ന കയ്യടിയും മരിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദതയും ആ വീരനെ മലയാളികളുള്‍പ്പെടെ എത്രമാത്രം ഹൃദയത്തിലേറ്റുവാങ്ങിയെന്ന് വ്യക്തമാക്കുന്നു.

പ്രേക്ഷകരെ ആവേശത്തിരയിലാറാടിച്ചാണ് ബാഹുബലി രണ്ടാം പതിപ്പ് പ്രദര്‍ശനം തുടരുന്നത്. സിനിമ കഴിഞ്ഞിറങ്ങിയവര്‍ക്കാര്‍ക്കും പടം മികച്ചതെന്നതില്‍ രണ്ടഭിപ്രായമില്ല. ഒന്നാം പതിപ്പിനെ കടത്തിവെട്ടാന്‍ രാജമൗലിക്കും കൂട്ടര്‍ക്കും ബാഹുബലി സെക്കന്റിലൂടെ സാധിച്ചെന്ന് പ്രേക്ഷകര്‍ ഒപേസ്വരത്തില്‍ പ്രഖ്യാപിക്കുന്നു. റിലീസിന് മുന്‍പ് തന്നെ 500 കോടിയിലധികം രൂപയാണ് ബാഹുബലി നേടിയത്. അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ ബാഹുബലി 2 ന് ടിക്കറ്റില്ല എന്നതാണ് സ്ഥിതി. കട്ടപ്പ എന്ത് ബാഹുബലിയെ കൊന്നുവെന്ന് അറിയാന്‍ വാട്ട്‌സപ്പോ ഫെയ്‌സ്ബുക്കോ നോക്കിനില്‍ക്കാതെ, അടുത്തുള്ള തീയറ്ററിലേക്ക് കുതിക്കാനുള്ള തിരക്കിലാണ് മലയാളികളുള്‍പ്പെടെയുള്ള സിനിമാസ്വാദകര്‍.

DONT MISS
Top