ഞാന്‍ തിയ്യറ്ററില്‍ പോയത് സിനിമ കാണാനാണ് കാര്‍ട്ടൂണ്‍ കാണാനല്ല, 2017 ലെ ഏറ്റവും മോശം സംവിധായകന്‍ എസ് എസ് രാജമൗലി, വിമര്‍ശനങ്ങള്‍ എണ്ണി പറഞ്ഞ് വീണ്ടും കെആര്‍കെ

പ്രതീകാത്മകചിത്രം

കമാല്‍ ആര്‍ ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇന്ന് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയെ വിമര്‍ശിച്ചുകൊണ്ടാണ് ഇത്തവണ കെആര്‍കെ എത്തിയിരിക്കുന്നത്.

താന്‍ തിയ്യറ്ററില്‍ പോയത് സിനിമ കാണാനാണെന്നും, അല്ലാതെ കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. സിനിമ പ്രതീക്ഷിച്ചുപോയ താന്‍ നിരാശനായാണ് തിരികെ എത്തിയതെന്നും കെആര്‍കെ പറയുന്നു.

കൂടാതെ എസ് എസ് രാജമൗലിയെ 2017 ലെ ഏറ്റവും മോശം സംവിധായകനുള്ള അവാര്‍ഡിന് പരിഗണിക്കണമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. യാഥാര്‍ത്ഥ്യത്തില്‍ നിന്നും 100 മൈല്‍ അകലെയാണ് ബാഹുബലിയിലെ ഓരോ സീനുകളെന്നും കെആര്‍കെ കുറ്റപ്പെടുത്തുന്നു.

മുകള്‍ എ അസം ചിത്രത്തിന്റെ സംവിധായകനായ ആസിഫ് സഹാബ് ബാഹുബലി കാണുകയാണെങ്കില്‍ രാജമൗലിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നിരുന്നേനെയെന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാ ഭീമിനോട് ഉപമിച്ചാണ് കെആര്‍കെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ്ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ  ട്വീറ്റ്.

പിന്നീട് ബോളിവുഡ് താരം ആമീര്‍ ഖാനെ വിമര്‍ശിച്ചുകൊണ്ടും കെആര്‍കെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നും ആമീര്‍ ഖാന്‍ പുരസ്‌കാരം വാങ്ങിയതിനെതിരെയാണ് പരിഹാസവുമായി കെആര്‍കെ രംഗത്തെത്തിയത്. മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനേക്കാള്‍ മുന്‍പ് ആമീര്‍ മരിക്കുന്നതായിരുന്നു നല്ലതെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

പ്രേക്ഷകരെ ആവേശത്തിരയിലാറാടിച്ചാണ് ബാഹുബലി രണ്ടാം പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്. ബഹുബലിയുടെ ആദ്യ പതിപ്പിനേക്കാള്‍ മികച്ചു നില്‍ക്കുന്നു വെന്നാണ് പൊതുവിലയിരുത്തല്‍. അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

DONT MISS
Top