സന്തോഷ് ട്രോഫിയിലെ ആദ്യ കിരീടം കേരളത്തിന് സമ്മാനിച്ച ക്യാപ്റ്റന്‍ മണി അന്തരിച്ചു

ക്യാപ്റ്റന്‍ മണി ആദ്യ സന്തോഷ് ട്രോഫി കിരീടവുമായി

കൊച്ചി: സന്തോഷ് ട്രോഫിയിലെ ആദ്യ കിരീടം കേരളത്തിന് സമ്മാനിച്ച നായകന്‍ ടികെഎസ് മണി അന്തരിച്ചു. 77 വയസ്സായിരുന്നു. ഉദരരോഗത്തെത്തുടർന്ന് കഴിഞ്ഞ 17നാണ് മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടര്‍ന്ന്  വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ അന്തരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഇടപ്പള്ളി പോണേക്കര ശ്മശാനത്തിൽ നടക്കും.

1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന കലാശപ്പോരാട്ടത്തില്‍ റെയിൽവേസിനെ തകര്‍ത്താണ് മണി കേരളത്തിന് ആദ്യ കിരീടം സമ്മാനിച്ചത്. ഫൈനലില്‍ ഹാട്രിക് ഗോള്‍ നേടിയാണ് കേരളത്തെ വിജയികളാക്കിയത്. സ്കോര്‍ 2-2 എന്ന നിലയില്‍ തുല്യമായി നില്‍ക്കെയായിരുന്നു മണിയുടെ ഹാട്രിക് ഗോള്‍. ഈ ഗോളിലൂടെ 3-2 ന് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുകയായിരുന്നു.

വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവൻ, സേവ്യര്‍ പയസ് തുടങ്ങിയവര്‍ക്കൊപ്പമാണ് മണി കിരീടനേട്ടത്തില്‍ പങ്കാളിയായത്.

മണി പിന്നീട് ക്യാപ്റ്റന്‍ മണി എന്ന് അറിയപ്പെട്ടു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനാണ് മണിയെ ആദ്യമായി ക്യാപ്റ്റന്‍ മണി എന്ന് അഭിസംബോധന ചെയ്തത്.

കണ്ണൂർ തളാപ്പ് സ്വദേശിയായ മണി, ജിംഖാന കണ്ണൂരിനുവേണ്ടിയാണ് ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. 1969-70 കാലത്താണ് കേരള ടീമിൽ അംഗമാകുന്നത്. പിന്നീട് അഞ്ചുവർഷം കേരളടീമിനുവേണ്ടി കളിച്ചു. 1973 ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ജര്‍മ്മന്‍ ടീമിനെതിരെ ദേശീയ ടീമിനെയും മണി നയിച്ചിട്ടുണ്ട്.

പരേതയായ രാജമ്മയാണ് ഭാര്യ. ആനന്ദ്, ജ്യോതി, ഗീത, അരുൺ എന്നിവര്‍ മക്കളാണ്.

DONT MISS
Top