ജമ്മു കശ്മീരില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ ഇരുപതോളം സമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

ശ്രീനഗര്‍: പ്രതിഷേധം ആളിക്കത്തുന്ന ജമ്മു കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ ഇരുപതോളെ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഫെയ്‌സ്ബുക്കിനെ കൂടാതെ ട്വിറ്റര്‍, വാട്‌സ് ആപ്പ്, ക്യുക്യു, വിചാറ്റ്, ഓസോണ്ഡ, തംബ്ലര്‍, ഗൂഗിള്‍, ബൈഡു, സ്‌കൈപ്, വൈബര്‍, ലൈന്‍, സ്‌നാപ്ചാറ്റ്, പിന്‍ടെറസ്റ്റ്, ടെലെഗ്രാം, റെഡ്ഡിറ്റ് എന്നിവയ്ക്കാണ് വിലക്ക്. ഒരു മാസത്തോളം വിലക്ക് നിലനില്‍ക്കും. വെബ്‌സൈറ്റിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്.

ഇക്കാര്യമറിയിച്ച് എല്ലാ സേവനദാതാക്കള്‍ക്കും ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിക്കുന്ന മുന്നൂറില്‍ അധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, വിവരസാങ്കേതിക നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ പതിനേഴിന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നു.

ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരാണ് സെന്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സൈനികര്‍ക്കെതിരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

DONT MISS
Top